ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് കാർലോ ആഞ്ചലോട്ടി എത്തുമെന്ന് റിപ്പോർട്ടുകൾ. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനാകാൻ സമ്മതിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്പാനിഷ് ക്ലബ്ബുമായുള്ള കരാർ ഒരു വർഷം കൂടി ശേഷിക്കെയാണ് ആഞ്ചലോട്ടിയുടെ ഈ നീക്കം.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആഴ്സണലിനോടും കോപ്പ ഡെൽ റേയിൽ ചിരവൈരികളായ ബാഴ്സലോണയോടും തോറ്റതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം.
ബാഴ്സലോണയോടേറ്റ പരാജയത്തിന് ശേഷം തന്റെ ഭാവി സംബന്ധിച്ച ചർച്ചകൾ “വരും ആഴ്ചകളിൽ” ഉണ്ടാകുമെന്ന് ആഞ്ചലോട്ടി സൂചിപ്പിച്ചിരുന്നു. ജൂണിൽ ആരംഭിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി അദ്ദേഹം ബ്രസീലിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിനർത്ഥം ഈ സമ്മറിൽ അമേരിക്കയിൽ നടക്കുന്ന ക്ലബ്ബ് ലോകകപ്പിന് മുമ്പ് അദ്ദേഹം റയൽ മാഡ്രിഡ് വിടും എന്നാണ്.
നിലവിൽ ദക്ഷിണ അമേരിക്കൻ യോഗ്യതാ പട്ടികയിൽ നാലാം സ്ഥാനത്തുള്ള ബ്രസീൽ, മാർച്ചിൽ അർജന്റീനയോട് 4-1ന് തോറ്റതിന് ശേഷം പരിശീലകൻ ഡൊറിവൽ ജൂനിയറെ പുറത്തിക്കിയിരുന്നു.