മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം തന്റെ സ്ഥിരം ശൈലിയായ 3-4-3 ഫോർമേഷനിൽ നിന്ന് മാറ്റം വരുത്തും എന്ന് ആവർത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിലിനെതിരെ നാല് ഡിഫൻഡർമാരെ അണിനിരത്തിയുള്ള (Back four) ശൈലി പരീക്ഷിച്ച് വിജയിച്ചതിന് പിന്നാലെ, വോൾവ്‌സിനെതിരായ മത്സരത്തിലും ഈ തന്ത്രം തുടരാനാണ് അമോറിമിന്റെ തീരുമാനം.

ടീമിന്റെ തനതായ വ്യക്തിത്വം നഷ്ടപ്പെടുത്താതെ തന്നെ സാഹചര്യത്തിനനുസരിച്ച് തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നത് യുണൈറ്റഡിന്റെ മുന്നേറ്റത്തിന് ഗുണകരമാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. മുമ്പ് ഫോർമേഷൻ മാറ്റാനുള്ള സാഹചര്യമില്ലായിരുന്നു എന്നും ഇപ്പോൾ ടീമിന് അതാകും എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പോയിന്റ് പട്ടികയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതാ സ്ഥാനത്തിന് വെറും മൂന്ന് പോയിന്റ് മാത്രം പിന്നിലാണ് യുണൈറ്റഡ്. എന്നാൽ പ്രധാന താരങ്ങളുടെ പരിക്കും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസും (AFCON) ടീമിനെ വലയ്ക്കുന്നുണ്ട്. നായകൻ ബ്രൂണോ ഫെർണാണ്ടസ് (ഹാംസ്ട്രിംഗ് പരിക്ക്), കോബി മൈനു, ഹാരി മഗ്വയർ, മത്തിസ് ഡി ലിറ്റ് എന്നിവരുൾപ്പെടെ ഏഴ് പ്രമുഖ താരങ്ങളില്ലാതെയാണ് യുണൈറ്റഡ് അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. പരിക്ക് പൂർണ്ണമായും ഭേദമാകാതെ ബ്രൂണോയെ തിരികെ കൊണ്ടുവരേണ്ടതില്ലെന്നാണ് മെഡിക്കൽ സംഘത്തിന്റെ തീരുമാനം.
മറുഭാഗത്ത് ഈ സീസണിൽ ഇതുവരെ ഒരു വിജയം പോലും നേടാനാകാതെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് വോൾവ്‌സ്. 18 മത്സരങ്ങൾ പിന്നിട്ടിട്ടും ജയിക്കാൻ കഴിയാത്ത വോൾവ്‌സ് യുണൈറ്റഡിനെതിരെ എങ്ങനെയെങ്കിലും പോയിന്റ് നേടാനുള്ള ശ്രമത്തിലാണ്.









