ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന എഎഫ്സി വനിതാ ഏഷ്യൻ കപ്പിനായി ഇന്ത്യൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ കോസ്റ്റാറിക്കൻ പരിശീലക അമേലിയ വാൽവെർഡെ എത്തുന്നു. 2015, 2023 വർഷങ്ങളിലെ ഫിഫ വനിതാ ലോകകപ്പുകളിൽ കോസ്റ്റാറിക്കൻ ടീമിനെ നയിച്ച മികച്ച പരിചയസമ്പത്തുള്ള പരിശീലകയാണ് അവർ.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) അമേലിയയുമായുള്ള ഹ്രസ്വകാല കരാർ 48 മണിക്കൂറിനുള്ളിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 1 മുതൽ 21 വരെ നടക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിന് മികച്ച മുന്നേറ്റം നടത്താൻ അവരുടെ സാങ്കേതിക തികവും പരിചയസമ്പത്തും തുണയാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
നിലവിൽ 67-ാം റാങ്കിലുള്ള ഇന്ത്യയ്ക്ക് ഏഷ്യൻ കപ്പിൽ കടുത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴാം റാങ്കുകാരായ ജപ്പാൻ, വിയറ്റ്നാം (37), ചൈനീസ് തായ്പേയ് (42) എന്നീ കരുത്തരായ ടീമുകളെയാണ് ഇന്ത്യ നേരിടേണ്ടത്. ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ എത്താൻ കഴിഞ്ഞാൽ ബ്രസീലിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലേക്കുള്ള എട്ട് ഏഷ്യൻ സീറ്റുകളിൽ ഒന്നിനായി പോരാടാൻ ഇന്ത്യയ്ക്ക് അവസരം ലഭിക്കും.
അമേലിയക്കൊപ്പം ഗോൾകീപ്പിംഗ് പരിശീലകനും ഫിറ്റ്നസ് വിദഗ്ധനും ടീമിനൊപ്പം ചേരും. ഇന്ത്യയെ ഏഷ്യൻ കപ്പിന് യോഗ്യത നേടിക്കൊടുത്ത നിലവിലെ പരിശീലകൻ ക്രിസ്പിൻ ഛേത്രിയും പുതിയ സജ്ജീകരണത്തിൽ ടീമിനൊപ്പം തുടരുമെന്ന് ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
കോസ്റ്റാറിക്കൻ ദേശീയ ടീമിനെ എട്ട് വർഷത്തോളം പരിശീലിപ്പിച്ച അമേലിയയ്ക്ക് സ്പെയിൻ, ദക്ഷിണ കൊറിയ തുടങ്ങിയ വമ്പൻ ടീമുകളെ സമനിലയിൽ തളച്ച ചരിത്രമുണ്ട്. കൂടാതെ സെൻട്രൽ അമേരിക്കൻ ഗെയിംസിൽ സ്വർണ്ണവും വെള്ളിയും നേടിക്കൊടുക്കുന്നതിലും അവർ നിർണ്ണായക പങ്കുവഹിച്ചു.









