ജിറോണയ്‌ക്കെതിരായ യുവേഫ ചാമ്പ്യൻസ് ലീഗിലെ നിർണായക ഏറ്റുമുട്ടലിന് മുന്നോടിയായി പ്രധാന കളിക്കാരായ അലിസൺ ബെക്കറും ഡിയോഗോ ജോട്ടയും ആദ്യ ടീമിൻ്റെ പരിശീലനത്തിലേക്ക് മടങ്ങിയെത്തിയത് ലിവർപൂളിന് കരുത്ത് പകരുന്നു. ഒക്ടോബറിൽ ക്രിസ്റ്റൽ പാലസിനെതിരെ ലിവർപൂളിൻ്റെ 1-0 വിജയത്തിനിടെയേറ്റ ഹാംസ്ട്രിംഗ് പരിക്ക് മൂലം ഏകദേശം രണ്ട് മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന അലിസൺ വീണ്ടും പരിശീലനത്തിൽ തിരിച്ചെത്തി.
എന്നിരുന്നാലും, ബ്രസീലിയൻ ഗോൾകീപ്പർ ജിറോണക്ക് എതിരെ കളിക്കുമോ എന്നത് അനിശ്ചിതത്വത്തിൽ തുടരുന്നു, അദ്ദേഹത്തിൻ്റെ അഭാവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കാവോമിൻ കെല്ലെഹർ തന്നെ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആണ് സാധ്യത.
ഡിയോഗോ ജോട്ടയുടെ തിരിച്ചുവരവ് ലിവർപൂൾ അറ്റാക്ക് കൂടുതൽ കരുത്തുറ്റതാക്കും. ഒക്ടോബർ 20 മുതൽ പോർച്ചുഗീസ് വിംഗർ പുറത്തായിരുന്നു. ജിറോണ മത്സരത്തിനുള്ള ടീമിൽ ജോട്ടയെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.