ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസർ അവരുടെ പരിശീലകനായ റുദി ഗാർസിയയെ പുറത്താക്കിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. ക്ലബിൽ എത്തി എട്ട് മാസം മാത്രം ആകവെ ആണ് ഗാർസിയ ക്ലബ് വിടേണ്ടി വരുന്നത്. അൽ നസർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിന്ന് അകന്നതോടെയാണ് പരിശീലകനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്. ഗാർസിയയും അൽ നസർ താരങ്ങളുമായും ഉടക്ക് ഉള്ളതും കോച്ചിനെ മാറ്റാൻ കാരണമായി എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗാർസിയയുടെ ടാക്ടിക്സിൽ തൃപ്തനല്ലായിരുന്നു എന്നും വിദേശ മാധ്യമങ്ങൾ പറയുന്നു.
ഗാർസിയയുടെ സേവനത്തിനു നന്ദി അറിയിച്ച അൽ നസർ പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും എന്ന് പറഞ്ഞു. 2022 ജൂണിൽ ആയിരുന്നു ഗാർസിയ അൽ നസറിൽ എത്തിയത്. ഇതിനു മുമ്പ് ലിയോൺ, മാഴ്സെ പോലുള്ള വലിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അൽ നസർ ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാമതുള്ള ഇത്തിഹാദിനെക്കാൾ 2 പോയിന്റ് പിറകിലാണവർ