ആഫ്രിക്കൻ നേഷൻസ് കപ്പ് ഐവറി കോസ്റ്റ് സ്വന്തമാക്കി. നൈജീരിയയ്‌ക്കെതിരെ നടന്ന ഫൈനൽ മത്സരത്തിൽ 2-1ന് ആതിഥേയർ വിജയിക്കുകയായിരുന്നു. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ഐവറി കോസ്റ്റ് വിജയം നേടിയത്. സെബാസ്റ്റ്യൻ ഹാലർ ആണ് വിജയ ഗോളുമായി ഐവറി കോസ്റ്റിൻ്റെ ഹീറോ ആയത്.
ഇത് ഐവറി കോസ്റ്റിന്റെ മൂന്നാമത്തെ ആഫ്രിക്കൻ നേഷൻസ് കപ്പാണ്. മുമ്പ് 1992ലും 2015ലും അവർ കിരീടം നേടിയിരുന്നു. 38-ാം മിനിറ്റിൽ നൈജീരിയ അവരുടെ ക്യാപ്റ്റൻ വില്യം ട്രൂസ്റ്റ്-എകോങ്ങിൻ്റെ ഹെഡറിലൂടെ ആണ് നൈജീരിയ മുന്നിൽ എത്തിയത്.
62-ാം മിനിറ്റിൽ ഫ്രാങ്ക് കെസി ഒരു ഹെഡറിലൂടെ ഐവറി കോസ്റ്റിന് സമനില നൽകി. അവസാനം 81-ാം മിനിറ്റിൽ നിർണായക ഫിനിഷുമായി ഹാളർ ഐവറി കോസ്റ്റിന് കിരീടം ഉറപ്പിച്ചു കൊടുത്തു.