AFC ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ 3 ഗോളുകൾക്ക് ഉസ്‌ബെക്കിസ്ഥാനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. നോക്ഔട്ട് റൗണ്ടിലേക്ക് എത്താനുള്ള ഇന്ത്യൻ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് ഈ തോൽവി.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഇന്ന് ആ മികവ് അവർത്തിക്കാനായില്ല. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. മത്സരത്തിൽ പലപ്പോഴും ഉസ്‌ബെക്കിസ്ഥാൻ താരങ്ങളുടെ വേഗതക്കൊപ്പമെത്താൻ ഇന്ത്യക്കാവാതെ പോയി.

മത്സരത്തിന്റെ നാലാമത്തെ മിനുട്ടിൽ തന്നെ ഉസ്‌ബെക്കിസ്ഥാൻ ഇന്ത്യൻ ഗോൾ വല കുലുക്കി. അബ്ബോസ്ബെക്ക് ഫസയുളേവ് ആൺ ഗോൾ നേടിയത്. തുടർന്ന് പതിനെട്ടാം മിനുട്ടിൽ ഇഗോർ സെർഗെയേവും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നസ്റുളേവും ഗോളുകൾ നേടി മത്സരത്തിൽ ഉസ്ബെക് ആധിപത്യം ഉറപ്പിച്ചു.
രണ്ടാം പകുതിയിൽ മൻവീർ സിങ്ങിന് പകരക്കാരനായി രാഹുൽ കെ.പിയെ ഇറക്കിയാണ് ഇന്ത്യ തുടങ്ങിയത്. രാഹുൽ ബേക്കേയുടെയും മഹേഷ് നെയ്‌റോമിന്റെയും ശ്രമങ്ങൾ ഉസ്‌ബെക് ഗോൾ കീപ്പർ രക്ഷപെടുത്തിയതോടെ ഇന്ത്യയുടെ ഗോളിനായുള്ള കാത്തിരുപ്പ് തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ രാഹുൽ കെ.പിയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും ഇന്ത്യക്ക് തിരിച്ചടിയായി.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോടും പരാജയപ്പെട്ടിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.














