ബംഗ്ലാദേശിൽ നടക്കുന്ന ഷെയ്ക് കമാൽ ഇന്റർ നാഷണൽ ക്ലബ് കപ്പിൽ ഇന്നലെ പിറന്നത് ഒരു ചരിത്രമാണ്. ഗോകുലം കേരള എഫ് സിയും മോഹൻ ബഗാനും ഇന്നലെ ഷെയ്ക് കമാൽ കപ്പിന്റെ സെമിയിൽ എത്തിയതോടെ ഒരു എ എഫ് സി അംഗീകൃത ടൂർണമെന്റിന്റെ സെമിയിൽ രണ്ട് ഇന്ത്യൻ ക്ലബുകൾ ഒരേ സമയത്ത് എത്തുന്നു എന്ന അത്ഭുതമാണ് നടന്നിരിക്കുന്നത്. ഇതുവരെ ഇന്ത്യൻ ക്ലബുകൾ ആർക്കും സ്വന്തമാക്കാൻ കഴിയാതിരുന്ന ട്രോഫിയാണ് ഷെയ്ക് കമാൽ കപ്പ്.
ഇന്നലെ ചെന്നൈയിൻ എഫ് സിയെയും തോൽപ്പിച്ചതോടെയാണ് ഗോകുലം കേരള എഫ് സി സെമി ഉറപ്പിച്ചത്. വിദേശത്ത് ഒരു ടൂർണമെന്റിൽ സെമിയിൽ എത്തുന്ന ആദ്യ കേരള ക്ലബായി ഇതോടെ ഗോകുലം കേരള എഫ് സി മാറി. സെമിയിൽ നാക്കെ ചിറ്റഗോങ് അഭാനിയെ ആണ് ഗോകുലം നേരിടുക. നാളെ വൈകിട്ട് 3.30നാണ് ഗോകുലത്തിന്റെ സെമി പോര്. നാളെ വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ ടെരംഗുവന എഫ് സിയെയും നേരിടും. നേരത്തെ ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കിയിരുന്ന ഗോകുലം ഷെയ്ക് കമാൽ കപ്പ് കൂടെ സ്വന്തമാക്കി ഈ സീസൺ അവിസ്മരണീയമാക്കാൻ ആകും ഉദ്ദേശിക്കുന്നത്.