1 ഗോളും 2 അസിസ്റ്റുമായി റൊണാൾഡോ!! അൽ നസർ ഗോളടിച്ചു കൂട്ടുന്നു

Newsroom

സൗദി പ്രൊ ലീഗിൽ അൽ നസറിന് തുടർച്ചയായ മൂന്നാം വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഗോളടിച്ച മത്സരത്തിൽ അൽ ഹസെമിന് എതിരെ 5-1ന്റെ വിജയം നേടാൻ അൽ നസറിനായി. റൊണാൾഡോ ഒരു ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങി.

റൊണാൾഡോ 23 09 03 01 34 59 347

മത്സരത്തിന്റെ 33ആം മിനുട്ടിൽ ഖരീബിന്റെ ഗോളിലൂടെ ആണ് അൽ നസർ ഗോളടി തുടങ്ങിയത്. റൊണാൾഡോയുടെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. 45ആം മിനുട്ടിൽ അൽ ഖൈബരിയിലൂടെ അൽ നസർ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 48ആം മിനുട്ടിൽ ബദമോസിയുടെ ഒരു ലോംഗ് റേഞ്ചർ അൽ ഹസെമിന് ഒരു ഗോൾ നൽകി. സ്കോർ 2-1.

57ആം മിനുട്ടിൽ ഒരു നല്ല ടീം ഗോളിലൂടെ അൽ നസർ രണ്ട് ഗോൾ ലീഡ് തിരിച്ചുപിടിച്ചു. റൊണാൾഡോയുടെ പാസിൽ നിന്ന് ഒറ്റാവിയോ ആണ് മൂന്നാം ഗോൾ നേടിയത്‌. ഇതിനു ശേഷം 68ആം മിനുട്ടിൽ ഖരീബിന്റെ പാസിൽ നിന്ന് റൊണാൾഡോയും ഗോൾ കണ്ടെത്തി. റൊണാൾഡോയുടെ അവസാന മൂന്ന് മത്സരങ്ങളിലെ ആറാം ഗോളായിരുന്നു ഇത്‌.

78ആം മിനുട്ടിൽ മാനെ തന്റെ ഗോൾ കൂടെ നേടിയതോടെ അൽ നസറിന്റെ വിജയം പൂർത്തിയായി. അവസാന നാലു മത്സരങ്ങളിൽ നിന്നായി 18 ഗോളുകൾ അൽ നസർ അടിച്ചു‌.