ഹൈദരാബാദ്: തങ്ങളുടെ ബാക്ക്ലൈനിന് കൂടുതൽ കരുത്ത് പകർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ഹൈദരാബാദ് എഫ്സി ലെഫ്റ്റ് ബാക്ക് പ്രീതം സൊറൈസമിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കി. ഇത് സംബന്ധിച്ച് ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഈ സീസണിൽ ഹൈദരാബാദ് എഫ്‌സിയിലെ ആറാമത്തെ ഇന്ത്യൻ ട്രാൻസ്ഫർ ആണ് പ്രീതം. ആരൻ ഡിസിൽവ, അബ്ദുൽ റബീഹ്, അനികേത് ജാദവ്, നിം ദോർജി തമാങ്, ഗുർമീത് സിംഗ് എന്നീ ഇന്ത്യൻ താരങ്ങളെ നേരത്തെ തന്നെ ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു.
“ഹൈദരാബാദ് എഫ്‌സിയിൽ ഒപ്പിട്ടതിൽ ഞാൻ വളരെ സന്തോഷവാനും ആവേശഭരിതനുമാണ്. ക്ലബിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമത്തിൽ ടീമിന് വേണ്ടി ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകും, ” ട്രാൻസ്ഫർ പൂർത്തിയാക്കിയ ശേഷം 25-കാരനായ മണിപ്പൂരി പ്രതിരോധനിരക്കാരൻ പറഞ്ഞു.
U19 തലത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുള്ള താരമാണ് പ്രീതം. സംബൽപൂർ ഫുട്ബോൾ അക്കാദമിയിൽ തന്റെ കരിയർ ആരംഭിച്ചു, ഷില്ലോംഗ് ലജോങ്ങിനൊപ്പം ഐ-ലീഗിൽ അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനായും കളിച്ചിട്ടുണ്ട്.