കോഴിക്കോടിന്റെ കാൽ പന്ത് സ്വപ്നങ്ങൾക്കൊപ്പം നിൽക്കാൻ പുതുതായി ഒരുപറ്റം യുവാക്കൾ ചേർന്ന് ആരംഭിച്ച അക്കാദമിയാണ് യുഫ. യങ് യൂനിവേഴ്സൽ ഫുട്ബോൾ അക്കാദമി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യു, മുൻ മോഹൻ ബഗാൻ താരം വാഹിദ് സാലി തുടങ്ങിയ ഫുട്ബോളിനായി ജീവിതം തന്നെ മാറ്റിവെച്ചവരാണ് ഈ അക്കാദമിക്ക് പിറകിൽ. കഴിഞ്ഞ് ഏപ്രിലിൽ ആണ് അക്കാദമി പ്രവർത്തനം ആരംഭിച്ചത്.
കുട്ടികൾക്ക് സമ്മർ വെക്കേഷൻ ക്യാമ്പ് നൽകികൊണ്ട് ആരംഭിച്ച അക്കാദമിയുടെ ഉദ്ഘാടനം ഐ എസ് എൽ താരങ്ങളായ ആഷിഖ് കുരുണിയനും സക്കീർ മാനുപ്പയും ചേർന്നാണ് നടത്തിയത്. വാഹിദ് സാലിയാണ് ടീമിന്റെ മുഖ്യ പരിശീലകൻ സാലിക്കൊപ്പം നമീർ, ജെസ്സി, ജോബി, ശാഹുൽ, ബവിൻ, ബാപ്പു എന്നിവർ സഹ പരീശലകരായും ഉണ്ട്. ഗുരുവായൂരപ്പൻ കോളേജിലെ ഫുട്ബോൾ കോച്ചായ വാഹിദ് സാലി തന്റെ കളിക്കളത്തിലെ പരിചയസമ്പത്ത് കൂടെ കുട്ടികളിലേക്ക് പകർന്ന് നൽകുന്നുണ്ട്. അക്കാദമിയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും താരം തന്നെയാണ് വഹിക്കുന്നത്.
ഇപ്പോൾ ഗോകുലം എഫ് സിയുടെ ക്യാപ്റ്റനായ സുശാന്ത് മാത്യു യുഫ അക്കാദമിയുടെ ടെക്നിക്കൽ ഡയറക്ട്റുടെ വേഷത്തിലാണ് അക്കാദമിയുമായി സഹകരിക്കുന്നത്. സലാഹുദ്ദീൻ അക്കാദമിയുടെ പ്രസിഡന്റ് സ്ഥാനവും, ഹാരിസ് കെ പി വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു. അൻവർ കല്പറ്റ ജെനറൽ സെക്രട്ടറിയും റിയാസ് ഗോൾഡ് ട്രെഷററുമാണ്.
വാഹിദ് സാലിയടക്കമുള്ള പ്രമുഖർ അക്കാദമിക്ക് പിറകിൽ ഉള്ളത് കൊണ്ടു തന്നെ അക്കാദമിയെ സ്പോൺസർ ചെയ്യാൻ വേണ്ടി പ്രമുഖർ ബന്ധപ്പെട്ടു തുടങ്ങിയതായാണ് വിവരങ്ങൾ. ഗുരുവായൂരപ്പൻ കോളേജ് ഗ്രൗണ്ടിലും, മാങ്കാവ് മിനി സ്റ്റേഡിയത്തിലുമായാണ് ഇപ്പോൾ അക്കാദമി പരിശീലനം നടത്തുന്നത്. സമീപഭാവിയിൽ സ്വന്തമായി ഒരു ഗ്രൗണ്ട് നിർമ്മിച്ച് അവിടേക്ക് അക്കാദമി മാറും. ഇപ്പോൾ 60ൽ അധികം കുട്ടികൾ അക്കാദമിയുടെ ഭാഗമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial