ഓഗസ്റ്റിന് മുൻപ് ഫുട്ബോൾ പുനരാരംഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഫിഫയുടെ മെഡിക്കൽ കമ്മിറ്റി ചെയർമാൻ മൈക്കിൾ ഡിഹൂഗെ. യൂറോപ്പിലെ പല ലീഗുകളും മെയ്, ജൂൺ മാസങ്ങളിൽ ലീഗ് പുനരാരംഭിക്കാനിരിക്കെയാണ് ഫിഫ മെഡിക്കൽ കമ്മിറ്റി മേധാവിയുടെ പ്രതികരണം. മാർച്ച് മാസം മുതൽ കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് ലോകത്താകമാനം കായിക മത്സരങ്ങൾ നിർത്തിവെച്ചിരുന്നു.
ഈ ഒരു സാഹചര്യത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ പോലും മത്സരം നടത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് മൈക്കിൾ ഡിഹൂഗെ പറഞ്ഞു. ഫുട്ബോൾ നിലവിൽ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമല്ലെന്നും ഓഗസ്റ്റ് മാസമോ അതോ സെപ്റ്റംബറിന്റെ തുടക്കത്തിലോ സീസൺ തുടങ്ങട്ടെയെന്നും ഫിഫ മെഡിക്കൽ കമ്മിറ്റി മേധാവി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കൊറോണ വൈറസിന്റെ രണ്ടാമത്തെ ആക്രണം ഒഴിവാക്കാൻ അതാണ് നല്ലതെന്നും മൈക്കിൾ ഡിഹൂഗെ പറഞ്ഞു.
നിലവിൽ യൂറോപ്പിൽ ഡച്ച് ലീഗും ഫ്രഞ്ച് ലീഗ് 1 റദ്ദ് ചെയ്തിരുന്നു. എന്നാൽ ബുണ്ടസ്ലീഗയിലും പ്രീമിയർ ലീഗിലും മത്സരങ്ങൾ തുടരാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു.