ത്രില്ലർ!! ഹെയ്‌തിയെ വീഴ്ത്തി മൊറോക്കോ റൗണ്ട് ഓഫ് 32-ൽ

അറ്റ്‌ലാന്റയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഹെയ്‌റ്റിക്കെതിരെ രണ്ട് തവണ പിന്നിലായ ശേഷം ശക്തമായി തിരിച്ചുവന്ന് 4-2 ന്റെ തകർപ്പൻ വിജയവുമായി മൊറോക്കോ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സുഫിയാൻ റഹീമി, ജെസിം യാസിൻ എന്നിവർ നേടിയ ഗോളുകളാണ് ‘അറ്റ്ലസ് ലയൺസിന്’ അവിസ്മരണീയമായ വിജയം സമ്മാനിച്ചത്. ഇതോടെ ഗ്രൂപ്പ് സിയിൽ ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് മൊറോക്കോ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
1974-ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ ഹെയ്‌റ്റി പോയിന്റൊന്നും നേടാനാകാതെ ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും, 52 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വേദിയിൽ തങ്ങളുടെ ആദ്യ ഗോളുകൾ നേടാനായത് അവർക്ക് ചരിത്ര നിമിഷമായി. മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോണോയുടെ ഒരു ഓൺ ഗോളും വിൽസൺ ഇസിദോറിന്റെ മനോഹരമായ ഒരു സ്ട്രൈക്കുമാണ് ഹെയ്‌റ്റിക്ക് ഗോളുകൾ സമ്മാനിച്ചത്.
ആദ്യ പകുതി മുതൽ ഇരുടീമുകളും ആക്രമിച്ചു കളിച്ചതോടെ മത്സരം ആവേശഭരിതമായി. ആദ്യ പകുതിയിൽ 39ആം മിനിറ്റിൽ സൂപ്പർ താരം അഷ്റഫ് ഹക്കിമി മൊറോക്കോയെ ഒപ്പമെത്തിച്ചു. 43ആം മിനിറ്റിൽ വീണ്ടും ഹെയ്തി ലീഡ് എടുത്തു എങ്കിലും നിമിഷങ്ങൾക്ക് അകം ഇസ്മായിൽ സൈബാരിയിലൂടെ മൊറോക്കോ സ്കോർ 2-2 ആക്കി. മത്സരത്തിന്റെ രണ്ടാം ഹാഫിലാണ് മൊറോക്കോ കളി പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. റഹീമിയുടെ ഒരു ഡിഫ്ലെക്റ്റഡ് ഷോട്ട് മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചപ്പോൾ, 89-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ജെസിം യാസിൻ ടീമിന്റെ വിജയമുറപ്പിച്ച നാലാം ഗോൾ നേടി.
റൗണ്ട് ഓഫ് 32-ൽ ഗ്രൂപ്പ് എഫിലെ (Group F) ടീമുകളായ നെതർലൻഡ്‌സ് അല്ലെങ്കിൽ ജപ്പാൻ എന്നിവരിൽ ആരെങ്കിലുമായിരിക്കും മൊറോക്കോയുടെ എതിരാളികൾ.