ബ്രണ്ടനും ടെയിലറും(125) സിക്കന്ദര്‍ റാസയും(92) തകര്‍ത്തടിച്ച് നേടിയ സ്കോറിന്റെ ആനുകൂല്യത്തില്‍ ബൗളിംഗിനിറങ്ങിയ സിംബാബ്‍വേ ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി സിംബാബ്‍വേ. 154 റണ്‍സിന്റെ ജയമാണ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ സിംബാബ്‍വേ നേടിയത്. ടെണ്ടായി ചതാരയും ഗ്രെയിം ക്രെമറുമാണ് ബൗളിംഗില്‍ സിംബാബ്‍വേയ്ക്കായി തിളങ്ങിയത്. 30.1 ഓവറില്‍ 179 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ സദ്രാന്മാരാണ്(ദവലത്-മുജീബ്) തോല്‍വിയുടെ ഭാരം അഫ്ഗാനിസ്ഥാനായി കുറച്ചത്.
334 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടി ഇറങ്ങിയ അഫ്ഗാനു തുടക്കം തന്നെ പാളി. 36/ എന്ന നിലയിലേക്ക് വീണ ടീമിനെ മുഹമ്മദ് നബി-റഹ്മത് ഷാ എന്നിവരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ 89 റണ്‍സ് വരെ എത്തിച്ചുവെങ്കിലും ഗ്രെയിം ക്രെമറിന്റെ ഇരട്ട പ്രഹരം വീണ്ടും തകര്‍ത്ത് കളഞ്ഞു. 31 റണ്‍സ് നേടിയ നബിയെയും റണ്ണൊന്നുമെടുക്കാതെ ഗുല്‍ബാദിന്‍ നൈബിനെയും തൊട്ടടുത്ത പന്തുകളിലാണ് അഫ്ഗാനിസ്ഥാനു നഷ്ടമായത്.
43 റണ്‍സ് നേടിയ റഹ്മത് ഷാ പുറത്താകുമ്പോള്‍ 115/9 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍. അവസാന വിക്കറ്റില്‍ ദവലത് സദ്രാന്‍-മുജീബ് സദ്രാന്‍ കൂട്ടുകെട്ടിനു തോല്‍വിയുടെ ഭാരം 200ല്‍ താഴെയെത്തിക്കുവാന്‍ സാധിച്ചു എന്നത് ആശ്വാസമായി. 64 റണ്‍സാണ് അവസാന വിക്കറ്റില്‍ ഇരുവരും നേടിയത്.
ദവലത് സദ്രാന്‍ തകര്‍ത്തടിച്ചപ്പോള്‍ മുജീബ് സദ്രാന്‍ ദവലതിനു മികച്ച പിന്തുണ നല്‍കി. 47 റണ്‍സാണ് 29 പന്തില്‍ നിന്ന് ദവലത് നേടിയത്. 6 സിക്സുകളും 2 ബൗണ്ടറിയുമാണ് ഇന്നിംഗ്സില്‍ ഉള്‍പ്പെട്ടത്. 15 റണ്‍സാണ് മുജീബിന്റെ സംഭാവന. അവസാന വിക്കറ്റായി പുറത്തായതും മുജീബാണ് സിംബാബ്‍വേയ്ക്കായി ഗ്രെയിം ക്രെമര്‍ നാലും ടെണ്ടായി ചതാര മൂന്നും വിക്കറ്റ് നേടി. ബ്ലെസ്സിംഗ് മുസര്‍ബാനിയ്ക്കാണ് രണ്ട് വിക്കറ്റ്. ബ്രയാന്‍ വിട്ടോറിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial