യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ലാത്വിയയെ എതിരില്ലാത്ത 20 ഗോളുകൾ എന്ന അവിശ്വസനീയ ഗോൾ നിലക്ക് തകർത്തു ഇംഗ്ലണ്ട് വനിതകൾ. ഇംഗ്ലണ്ട് വനിതകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജയം ആണ് ഇത്. ഗ്രൂപ്പ് ഡിയിൽ കളിച്ച എല്ലാ കളിയും ജയിച്ച ഇംഗ്ലണ്ട് വനിതകളും എല്ലാ കളിയും തോറ്റ ലാത്വിയ വനിതകളും നേർക്കുനേർ വന്നപ്പോൾ ഗോൾ മഴയും ആയി ആണ് ഇംഗ്ലണ്ട് അത് ആഘോഷിച്ചത്. മത്സരത്തിൽ മൊത്തം 64 ഷോട്ടുകൾ ആണ് 86 ശതമാനം പന്ത് കൈവശം വച്ച ഇംഗ്ലണ്ട് ഉതിർത്തത്. ആഴ്‌സണലിന്റെ സൂപ്പർ താരം ബെതനി മെഡ് ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടുന്നത് ആണ് മത്സരത്തിൽ കണ്ടത്. മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ആയ എലൻ വൈറ്റും ലൗറൻ ഹെമ്പും ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ നേടിയപ്പോൾ എട്ടാം ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എല്ല ടൂൺ ആണ് നേടിയത്. ഹെമ്പ് ഇത് ആദ്യമായാണ് ഇംഗ്ലണ്ടിന് ആയി ഗോൾ നേടുന്നത്.
എട്ടു ഗോളുകൾ നേടിയ ആദ്യ പകുതിക്ക് ശേഷം 12 ഗോളുകൾ ആണ് ഇംഗ്ലണ്ട് വനിതകൾ രണ്ടാം പകുതിയിൽ അടിച്ചു കൂട്ടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഹാട്രിക് തികച്ച എലൻ വൈറ്റ് ആണ് ഗോൾ വേട്ട വീണ്ടും തുടങ്ങിയത്. തുടർന്ന് മെഡ് നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട മാഞ്ചസ്റ്റർ സിറ്റി താരം ജോർജിയ സ്റ്റാൻവെ ഇംഗ്ലണ്ടിന് പത്താം ഗോളും സമ്മാനിച്ചു. തുടർന്ന് ചെൽസിയുടെ ചെസ് കാർട്ടർ, മാഞ്ചസ്റ്റർ സിറ്റിയുടെ ജിൽ സ്‌കോട്ട്, ആഴ്‌സണലിന്റെ ജോർദൻ നോബ്‌സ് എന്നിവരും ഇംഗ്ലണ്ടിന് ആയി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി അടിച്ച ലൗറൻ ഹെമ്പ് നാലു ഗോളുകൾ ആണ് മത്സരത്തിൽ ആകെ അടിച്ചത്. അതേസമയം രണ്ടാം പകുതിയിൽ പകരക്കാരിയായി ഇറങ്ങി ഇംഗ്ലണ്ടിന് ആയി തന്റെ ആദ്യ ഗോൾ കണ്ടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലസിയ റൂസോയും മത്സരത്തിൽ ഹാട്രിക് നേടി. മത്സരത്തിൽ ഇരട്ടഗോളുകളും ആയി ചെൽസി താരം ബെതനി ഇംഗ്ലണ്ടും തിളങ്ങി. ഇംഗ്ലീഷ് വനിത ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ജയം ആണ് ഇത്.