ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗിലേക്ക് നീണ്ട 15 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി റെക്സ്ഹാം എ.എഫ്.സി. ഹോളിവുഡ് സൂപ്പർ താരം റയാൻ റൈനോൾഡ്സും സുഹൃത്തും മറ്റൊരു ഹോളിവുഡ് താരവും ആയ റോബ് മക്നെഹെല്ലിയും വെയിൽസ് ക്ലബ് ഏറ്റെടുത്ത ശേഷം വനിതകൾക്ക് പിന്നാലെ പുരുഷ ടീമും ഇംഗ്ലീഷ് നാലാം ഡിവിഷനിലേക്ക് യോഗ്യത നേടുക ആയിരുന്നു. ഹോളിവുഡ് ഉടമകളെ സാക്ഷിയാക്കിയാണ് അവരുടെ ചരിത്ര നേട്ടം. ഇന്ന് ബോറഹാം വുഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച റെക്സ്ഹാം നാഷണൽ ലീഗിൽ കിരീടം ഉറപ്പിച്ചു ആണ് ലീഗ് 2 ലേക്ക് പ്രൊമോഷൻ നേടിയത്. ലീഗിൽ ഒരു മത്സരം അവശേഷിക്കെ 45 കളികളിൽ നിന്നു 110 പോയിന്റുകൾ ഉള്ള അവർ കിരീടം ഉറപ്പിച്ചു.
മത്സരത്തിൽ ഒന്നാം മിനിറ്റിൽ തന്നെ ലീ എന്റോവുന്റെ ഗോളിൽ റെക്സ്ഹാം പിന്നിൽ പോയിരുന്നു. എന്നാൽ പതിനഞ്ചാം മിനിറ്റിൽ എലിയറ്റ് ലീയിലൂടെ അവർ മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടിയാണ് വെയിൽസ് ക്ലബ് ഇംഗ്ലീഷ് ലീഗ് ഫുട്‌ബോളിലേക്ക് തിരിച്ചു എത്തിയത്. 52, 71 മിനിറ്റുകളിൽ ടീമിന്റെ പ്രധാനതാരം ആയ പോൾ മുള്ളിൻ ആണ് ഹോളിവുഡ് ഉടമകൾക്കും ആരാധകർക്കും ആനന്ദകണ്ണീർ സമ്മാനിച്ചു കൊണ്ടു റെക്സ്ഹാമിനു ജയം സമ്മാനിച്ചത്. ആയിരക്കണക്കിന് ആരാധകരും സൂപ്പർ താരങ്ങളും വളരെ ആവേശകരമായി ആണ് റെക്സ്ഹാമിന്റെ പ്രൊമോഷൻ ആഘോഷിച്ചത്.