ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞതോടെ സെമി ഫൈനൽ ലൈനപ്പ് വ്യക്തമായി. പോയിന്റ് പട്ടികയിൽ അവസാന ദിവസം ഇന്ത്യ ഓസ്ട്രേലിയയെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കി. 9 മത്സരങ്ങളിൽ ഏഴും ജയിച്ചാണ് ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനോടുള്ള മത്സരം തോറ്റപ്പോൾ ന്യൂസിലാൻഡിനെതിരായ മത്സരം മഴ മൂലം നടന്നിരുന്നില്ല. രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയും മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടും നാലാം സ്ഥാനത്ത് ന്യൂസിലാൻഡുമാണ്.
നിർണായക മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ ഓസ്ട്രേലിയ തോറ്റതോടെയാണ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ന്യൂസിലാൻഡ് ആവും സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരം മഴ മൂലം നടന്നിരുന്നില്ല. ജൂലൈ 9ണ് മാഞ്ചസ്റ്ററിൽ വെച്ചാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ആദ്യ സെമി ഫിനൈൽ മത്സരം.
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ എതിരാളികൾ ആതിഥേയരായ ഇംഗ്ലണ്ടാണ്. ജൂലൈ 11ന് ബിർമിംഗ്ഹാമിൽ വെച്ചാണ് രണ്ടാമത്തെ സെമി ഫൈനൽ പോരാട്ടം. 1992ന് ശേഷം ആദ്യമായിട്ടാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി കാണുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓസ്ട്രേലിയ 64 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചിരുന്നു.