ഓസ്‌ട്രേലിയയിൽ T20 വേൾഡ് കപ്പ് കളിക്കുന്ന ടീമുകൾ പകുതിയിലധികം കളികൾ കളിച്ചു കഴിഞ്ഞു. മുൻനിര ടീമുകളുടെ ടീം മീറ്റിങ്ങുകളിൽ ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്, പണ്ട് കളിച്ചു നടന്നിരുന്ന കാലത്ത് കണക്ക് പഠിച്ചിരുന്നെങ്കിൽ എന്നാണ്!
സെമി സാധ്യത നിലനിറുത്താൻ ഇവർക്ക് സ്വന്തം കളികൾ ജയിച്ചാൽ മാത്രം പോര, മറ്റുള്ള ചില ടീമുകൾ അവരവരുടെ കളികൾ തോൽക്കുകയും വേണം. അതും കൃത്യമായ റണ്ണുകളുടെയും വിക്കറ്റുകളുടെയും വ്യത്യാസത്തിൽ തന്നെ. അതായത്, ഇനിയുള്ള കളികൾ കണക്കിന്റേതാണ്.
ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഈ വേൾഡ് കപ്പ് ആദ്യ റൗണ്ടിൽ തന്നെ അവസാനിക്കുമോ എന്ന ശങ്കയിലാണ്. ഇന്ന് ഇംഗ്ലണ്ട് ന്യൂസീലൻഡിനെ തോല്പിച്ചതോടെ പരുങ്ങലിലായത് ആതിഥേയരാണ്. അവർക്ക് ഇനിയുള്ള ഒരു കളി അഫ്ഘാനിസ്ഥാനുമായാണ്. അവർ അത് ജയിക്കുയതും, ഇംഗ്ലണ്ട് ശ്രീലങ്കയോട് തോൽക്കുകയും ചെയ്താൽ, നെറ്റ് റണ് റേറ്റ് കാര്യങ്ങൾ തീരുമാനിക്കും. പക്ഷെ ഇംഗ്ലണ്ട് ശ്രീലങ്കയെ നല്ല വ്യത്യാസത്തിന് തോല്പിച്ചാൽ, ഓസ്ട്രേലിയ ബാക്കിയുള്ളവരുടെ കളികൾ നടത്തി ഈ വേൾഡ് കപ്പിൽ പങ്കാളികളായി തുടരാം.
ഇംഗ്ലണ്ടിന്റെ ഇന്ന് ന്യൂസിലാൻഡിനെ തോൽപ്പിച്ചു ശ്വാസം വീണ്ടെടുത്തു നിൽക്കുകയാണ്. അവർക്ക് ഇനി ശ്രീലങ്കയെ തോൽപ്പിച്ചു ഓസ്‌ട്രേലിയയേക്കാൾ നല്ല റണ് റേറ്റ് എടുത്താൽ മാത്രമേ രക്ഷയുള്ളൂ.
ശ്രീലങ്കയുടെ സെമി സാധ്യത ഏതാണ്ട് കഴിഞ്ഞ മട്ടാണ്, പക്ഷെ അവരുടെ ഉന്നം മറ്റൊന്നാണ്. അവർ ഇനിയുള്ള രണ്ട് കളികളിൽ (അഫ്‌ഗാൻ & ഇംഗ്ലണ്ട്) നല്ല പ്രകടനം കാഴ്ചവച്ചു, ഗ്രൂപ്പിൽ ആദ്യ നാല് സ്ഥാനങ്ങളിൽ വരാൻ ശ്രമിക്കും. എങ്കിൽ മാത്രമേ 2024 വേൾഡ് കപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കൂ!
ഇന്ന് തോറ്റെങ്കിലും, ഗ്രൂപ്പ് ടോപ്പർമാരായ ന്യൂസീലൻഡ് ഏറെക്കുറെ സേഫ് സോണിലാണ്. ഇനി അവർക്ക് നേരിടാനുള്ളത് അയർലണ്ടിനെയാണ് എന്നത് അവർക്ക് ആശ്വാസം നൽകുന്നു.
ഗ്രൂപ്പ് രണ്ടിലെ ടോപ്പർമാരായ പ്രോട്ടീയാസും ഏതാണ്ട് സെമിയിൽ എത്തിയ മട്ടാണ്. അവർക്ക് ഇനി നേരിടാനുള്ള രണ്ട് കളികളിൽ (പാകിസ്ഥാൻ & നെതർലൻഡ്‌സ്) ഒന്ന് ജയിച്ചാൽ അതു ഉറപ്പിക്കാം.
ബംഗ്ലാദേശിനെ പോലെ ഒരു സ്ഥിതിവിശേഷം ഈ ലോകത്ത് ആർക്കും കൊടുക്കരുതെ എന്നാണ് ക്രിക്കറ്റ് വിദഗ്‌ദ്ധർ തലയിൽ കൈ വച്ചു പറയുന്നത്. അവർക്ക് ഇനി സെമി കാണണമെങ്കിൽ ഇന്ത്യയെയും പാകിസ്താനെയും തോല്പിക്കണം. ആരാണ് ഇത്തരം ഒരു അവസ്ഥ ആഗ്രഹിക്കുക!
ഈ ടൂർണമെന്റിൽ അത്ഭുതങ്ങൾ കാണിച്ച സിംബാബ്‌വേക്ക് ഇനിയുള്ള രണ്ട് കളികളും ജയിച്ചാൽ ഒരു പക്ഷെ സെമിയിലെത്താം. ഡച്ചുകാരുമായുള്ള കളി എളുപ്പമായാൽ കൂടി, ഇന്ത്യയുമായുള്ള കളി അവർക്ക് കടുപ്പമാകും.
കാൽക്കുലേറ്ററിന്റെ ആവശ്യം ഏറ്റവും കൂടതലുള്ളത് പാകിസ്ഥാനാണ്. ഇന്ത്യയുമായും സിംബാബ്‌വെയുമായും തോറ്റതോടെ അവരുടെ സ്ഥിതി കുഴപ്പത്തിലാണ്. ആദ്യം നെതർലൻഡ്‌സ് സിംബാബ്വേയെ തോല്പിക്കണം. പിന്നെ അവർ സ്വയം ദക്ഷിണാഫ്രിക്കയേയും ബംഗ്ലാദേശിനെയും തോല്പിക്കണം. അതും കഴിഞ്ഞു സിംബാബ്വേ ഇന്ത്യയെ തോല്പിക്കണം. എന്നിട്ട് ഇന്ത്യയുമായി റണ് റേറ്റ് താരതമ്യം ചെയ്ത് തീരുമാനിക്കണം. ഇത്തവണ ടിവി സെറ്റുകളെക്കാൾ മുൻപേ കാൽക്കുലേറ്ററുകൾ ആകും തകർക്കപ്പെടുക!
ഇന്ത്യയെ സംബന്ധിച്ച് സെമിയിലെത്താൻ കുറച്ചു കൂടി എളുപ്പമാണ് കാര്യങ്ങൾ. നാളത്തെ ബംഗ്ലാദേശുമായുള്ള കളിയും, ഞായറാഴ്ചത്തെ സിംബാബ്‌വെയുമായുള്ള കളിയും ജയിക്കണം. കൂടാതെ പാകിസ്ഥാൻ ഒരു കളിയെങ്കിലും തോൽക്കണം.
അതായത്, വരുന്ന നാലഞ്ചു ദിവസങ്ങൾ കണക്കിലെ കളികൾ കൊണ്ടു വേൾഡ് കപ്പ് ചർച്ചകൾ നിറയുമെന്ന് ഉറപ്പ്. ഇനിയുള്ള ദിവസങ്ങളിൽ സ്വന്തം ടീമുകളെ കൂടാതെ മറ്റ് ടീമുകളെ കൂടി പിന്താങ്ങാൻ ഫാൻസ് തയ്യാറാകേണ്ടി വരും. പക്ഷെ, അപ്പോഴും ഇന്ത്യയും പാകിസ്ഥാനും എതിർച്ചേരിയുടെ തോൽവിയാകും ആഗ്രഹിക്കുക എന്നത്, വേൾഡ് കപ്പിലെ വാശി ഒട്ടും കുറക്കില്ല എന്ന സന്തോഷത്തിലാണ് സ്പോണ്സർമാർ.