വനിത യൂറോയിൽ ഗ്രൂപ്പ് എയിൽ ബ്രൈറ്റൻ കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർവെയെ എതിരില്ലാത്ത 8 ഗോളുകൾക്ക് തകർത്തു ഇംഗ്ലണ്ട്. ആദ്യ പകുതിയിൽ തന്നെ ആറു ഗോളുകൾ ആണ് ഇംഗ്ലണ്ട് അടിച്ചത്. തുടർച്ചയായ രണ്ടാം ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നു മുന്നേറി. മുൻ ബാലൻ ഡിയോർ ജേതാവ് ആയ ആദ ഹെഗർബർഗ് അടക്കമുള്ളവർ അടങ്ങിയ നോർവെ മികച്ച ടീം ആയിരുന്നു എങ്കിലും ഇംഗ്ലണ്ടിന്റെ ദയാരഹിതമായ പ്രകടനത്തിന് മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാൻ ആയില്ല. ഇംഗ്ലണ്ടിന്റെ ഏതാണ്ട് എല്ലാ ഗോളുകൾക്കും പങ്ക് വഹിച്ച നോർവെ പ്രതിരോധത്തെ തകർത്ത ആഴ്സണൽ താരം ബെത് മെഡിന്റെ ഉഗ്രൻ പ്രകടനം ആണ് മത്സരത്തിൽ കാണാൻ ആയത്. പത്താം മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് മത്സരത്തിൽ മുന്നിലെത്തി. മാഞ്ചസ്റ്റർ സിറ്റിയുടെ എല്ലൻ വൈറ്റിനെ മരിയ തോരിസ്ഡോറ്റിർ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി സഹ മാഞ്ചസ്റ്റർ സിറ്റി താരം ജോർജിയ സ്റ്റാൻവെ അതിശക്തമായ ഷോട്ടിലൂടെ ഗോൾ ആക്കി മാറ്റുക ആയിരുന്നു.
അഞ്ചു മിനിറ്റിനുള്ളിൽ ഇംഗ്ലണ്ട് രണ്ടാം ഗോൾ നേടി. ഇത്തവണ ബെത് മെഡിന്റെ വേഗതയാർന്ന നീക്കം തടയാൻ നോർവെ പ്രതിരോധത്തിന് സാധിച്ചില്ല തുടർന്ന് മെഡ് നൽകിയ മികച്ച പാസിൽ നിന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ലൗറൻ ഹെമ്പ് ഗോൾ നേടി. ആദ്യം ഓഫ് സൈഡ് വിളിച്ചു എങ്കിലും വാർ പരിശോധനക്ക് ശേഷം ഗോൾ അനുവദിക്കുക ആയിരുന്നു. തുടർന്നും ഇംഗ്ലണ്ടിന്റെ മികച്ച ശ്രമങ്ങൾ മത്സരത്തിൽ കണ്ടു. മെഡ് മികച്ച ഓട്ടത്തിനു ശേഷം നൽകിയ പന്ത് ലക്ഷ്യം കാണാൻ എലൻ വൈറ്റിന് ആയില്ല. 29 മത്തെ മിനിറ്റിൽ ഇംഗ്ലണ്ട് മൂന്നാം ഗോളും കണ്ടത്തി ഇത്തവണ മരിയ തോരിസ്ഡോറ്റിറിൽ നിന്നു പന്ത് തട്ടിയെടുത്ത എലൻ വൈറ്റ് അനായാസം പന്ത് വലയിൽ എത്തിച്ചു. 5 മിനിറ്റിനുള്ളിൽ ബെത് മെഡ് മത്സരത്തിൽ തന്റെ ആദ്യ ഗോൾ കണ്ടത്തി. ലൗറൻ ഹെമ്പിന്റെ ക്രോസിൽ നിന്നു നോർവെ പ്രതിരോധത്തെ വെട്ടിച്ചു മെഡ് ഹെഡറിലൂടെ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. ഇതിനു നാലു മിനിറ്റിനു ശേഷം മെഡിന്റെ മറ്റൊരു മാജിക് കൂടി പിറന്നു. ചെൽസി താരം ഫ്രാൻ കിർബിയുടെ പാസിൽ നിന്നു മികച്ച ഒരു ഷോട്ടിലൂടെ മെഡ് 38 മത്തെ മിനിറ്റിൽ പന്ത് പോസ്റ്റിന്റെ കോർണറിൽ എത്തിച്ചു.
മൂന്നു മിനിറ്റിനുള്ളിൽ ഇംഗ്ലണ്ട് ഗോൾ നേട്ടം ആറാക്കി മാറ്റി. ഇത്തവണയും ഫ്രാൻ കിർബിയുടെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. ഇത്തവണ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ എലൻ വൈറ്റ് ആണ് ഇംഗ്ലണ്ടിന് ആയി ഗോൾ നേടിയത്. രണ്ടാം പകുതിയിലും ഇംഗ്ലണ്ട് ആധിപത്യം ആണ് കാണാൻ ആയത്. ഇടക്ക് നോർവെ മുന്നേറ്റവും ഉണ്ടായി. 66 മത്തെ മിനിറ്റിൽ ഇംഗ്ലണ്ട് ഏഴാം ഗോളും നേടി. ഇത്തവണ വൈറ്റിനു പകരക്കാരിയായി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലസ്സിയോ റുസോ മാഞ്ചസ്റ്റർ സിറ്റിയുടെ ലൂസി ബ്രോൺസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. 81 മത്തെ മിനിറ്റിൽ തന്റെ ഹാട്രിക് പൂർത്തിയാക്കിയ മെഡ് ഇംഗ്ലണ്ടിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. നോർവെ ഗോളി തട്ടിയകറ്റിയ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു ആണ് ആഴ്സണൽ താരം തന്റെ ഹാട്രിക് പൂർത്തിയാക്കിയത്. ശക്തരായ നോർവെക്ക് എതിരായ ദയാരഹിതമായ പ്രകടനം ഈ കിരീടം ഇംഗ്ലണ്ടിന് ഉള്ളത് ആണെന്ന് ഇതിനകം തന്നെ പറയുന്നുണ്ട്. റെക്കോർഡ് ജയം ആണ് ഇംഗ്ലണ്ടിന് ഇത്.