ഫ്രാൻസിൽ നടക്കുന്ന വനിത ലോകകപ്പിലെ ആദ്യത്തെ ഷോക്ക് വന്നു. ഇന്ന് ഇറ്റലിയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിൽ ഫേവറിറ്റുകളായിരുന്ന ഓസ്ട്രേലിയയെ ഞെട്ടിച്ചു കൊണ്ട് ഇറ്റലി വിജയം സ്വന്തമാക്കി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ഇറ്റലി നാടകീയ തിരിച്ചുവരവാണ് രണ്ടാം പകുതിയിൽ നടത്തിയത്.
ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ സാം കെർ ഓസ്ട്രേലിയയെ മുന്നിലെത്തിച്ചു. സാം കെർ എടുത്ത പെനാൾട്ടി ഇറ്റലി കീപ്പർ തടഞ്ഞു എങ്കിലും റീബൗണ്ടിൽ കെർ ആ പന്ത് വലയിലേക്ക് എത്തിക്കുകയായിരുന്നും കെറിന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ബാർബര ബൊനൻസി ആണ് ഇറ്റലിയെ ജയത്തിൽ എത്തിച്ചത്.
ആദ്യ സമനില നേടിക്കിടുത്ത ബൊനൻസി കളിയുടെ 95ആം മിനുട്ടിലാണ് വിജയ ഗോൾ നേടിയത്. ഇറ്റലി ഇന്നത്തെ മത്സരത്തിനു മുമ്പ് 1999ൽ ആയിരുന്നു ഒരു ലോകകപ്പ് ഗോൾ നേടിയത്. ടൂർണമെന്റിൽ കിരീട പ്രതീക്ഷ പ്രവചിച്ചിരുന്ന ടീമുകളിൽ ഒന്നായ ഓസ്ട്രേലിയക്ക് ഈ തോൽവി വൻ തിരിച്ചടിയാണ്.