വനിതാ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം!! ആവേശം കുറഞ്ഞാലും മികവിന് കുറവില്ല!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ജൂണിൽ റഷ്യയിൽ നടന്ന പുരുഷ ഫുട്ബോൾ ലോകകപ്പ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയ ലോകകപ്പായിരുന്നു. ഈ ജൂണിലും ഒരു ഫുട്ബോൾ ലോകകപ്പ് നടക്കുന്നുണ്ട്. വനിതാ ഫുട്ബോൾ ലോകകപ്പ്. വനിതാ ഫുട്ബോളിന് ലോകത്തിൽ പ്രീതി കൂടി വരുന്നുണ്ട് എങ്കിലും പുരുഷ ലോകകപ്പിന് ലഭിച്ച വാർത്താ പ്രാധാന്യം ഒന്നും ഫ്രാൻസിൽ മൂന്നാഴ്ചക്ക് അപ്പുറം നടക്കുന്ന ലോകകപ്പിന് ലഭിക്കില്ല എന്നത് വസ്തുതയാണ്.

വനിതാ ഫുട്ബോളിനെ ആര് അവഗണിച്ചാലും വനിത ഫുട്ബോൾ മുന്നോട്ടേക്ക് തന്നെയാണ് വരുന്നത്. അമേരിക്കയിലും ഓസ്ട്രേലിയയിലും ഇപ്പോൾ തന്നെ വനിതാ ദേശീയ ഫുട്ബോൾ ടീമുകൾക്കാണ് പ്രിയം കൂടുതൽ. അവർ മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നത് തന്നെ പ്രിയത്തിന് കാരണം. അവസാന കുറച്ച് വർഷങ്ങ കൊണ്ട് വനിതാ ഫുട്ബോൾ ഒരുപാട് വളർന്നെന്ന് പറയാം.

അമേരിക്കയിലും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും വനിതാ ലീഗുകൾ കടുപ്പമേറിയ ലീഗുകളായി മാറുന്നതാണ് അവസാന കുറച്ച് വർഷങ്ങളിൽ കണ്ടത്. ബാഴ്സലോണ വനിതാ ക്ലബിന്റെ വരവോടെ സ്പെയിനിലും രണ്ട് മികച്ച വനിതാ ടീമുകളുടെ പോരാട്ടം കാണാൻ ആയി. അത്ലറ്റിക്കോ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും വനിതാ ടീമുകൾ തമ്മിൽ നടന്ന അവസാന മത്സരം കാണാൻ ഗ്യാലറിയിൽ എത്തിയത് അറുപതിനായിരത്തിലധികം ആൾക്കാർ ആയിരുന്നു. വോൾവ്സ്ബർഗും ബയേണും ജർമ്മനിയിലും രണ്ട് കരുത്തുറ്റ ടീമുകളുടെ സാന്നിദ്ധ്യം സൃഷ്ടിച്ചു. ഫ്രാൻസിൽ ലിയോണും പി എസ് ജിയും. ലിയോൺ വനിതാ ടീം ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ടീമിൽ ഒന്നാണ്. അവസാന മൂന്ന് സീസണിലും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ടീം.

ഈ ലീഗുകളുടെയും ടീമുകളുടെയും സാന്നിദ്ധ്യം വനിതാ ഫുട്ബോളിനെ ആകെ അവസാന വർഷങ്ങളിൽ മാറ്റി. പോരാട്ടം കടുത്തതായതോടെ ഫുട്ബോളിന്റെ ക്വാളിറ്റിയും വളരാൻ തുടങ്ങി. ഫ്രാൻസിൽ നടക്കാൻ പോകുന്ന ഈ ലോകകപ്പ് വനിത ഫുട്ബോളിന്റെ കരുത്തും മികവും ലോകത്തെ വിളിച്ചറിയിക്കുന്ന ഒന്ന് തന്നെയാകും.

നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക തന്നെയാകും ഇത്തവണ ഫ്രാൻസിലും കിരീടമെടുക്കാൻ ഫേവറിറ്റ്സ്. പക്ഷെ അമേരിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല. ഇംഗ്ലണ്ട്, ജർമ്മനി, ഫ്രാൻസ്, ഓസ്ട്രേലിയ, ഹോളണ്ട്, ജപ്പാൻ എന്നീ ടീമുകൾ എല്ലാം ഇപ്പോൾ ഒന്നിനൊന്ന് മെച്ചമാണ്.

സാം കെറിന്റെ സാന്നിദ്ധ്യം ഓസ്ട്രേലിയയെ ഫേവറിറ്റുകളിൽ ഒന്ന് തന്നെ ആക്കുന്നു. ഫ്രാൻസിന്റെ പ്രധാന മുൻതൂക്കം അവരുടെ നാട്ടിലാണ് കളി എന്നതാണ്. ടോണി ഡുഗാൻ, നികിത പാരിസ് തുടങ്ങി സൂപ്പർ താരങ്ങളുടെ ഒരു നിര തന്നെ ഉള്ള ഇംഗ്ലീഷ് ടീമിന് ഫിൽ നെവിൽ എന്ന പരിശീലകൻ ഒപ്പമുണ്ടെന്നുള്ള ശക്തിയും ഉണ്ട്. യൂറൊ ചാമ്പ്യന്മാരായ നെതർലന്റ്സ് ലെക മർടെൻസിൽ ആണ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ഈ സീസണിൽ ആഴ്സണലിനായി അത്ഭുതങ്ങൾ കാണിച്ച വിവിയെനെ മയദമെയും ഡച്ച് നിരയിൽ ഉണ്ട്.

6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. ജൂൺ ഏഴിന് ആതിഥേയരായ ഫ്രാൻസും കൊറിയ റിപബ്ലിക്കും തമ്മിലുള്ള ഗ്രൂപ്പ് എയിലെ പോരാട്ടത്തോടെയാണ് ലോകകപ്പിനു തുടക്കമാവുക.

നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ഗ്രൂപ്പ് എഫിൽ ആണ്. ഇംഗ്ലണ്ട്, ജപ്പാൻ, സ്കോട്ലാൻഡ്, അർജന്റീന എന്നിവർ ഉള്ള ഗ്രൂപ്പ് ഡി ആണ് കൂട്ടത്തിൽ ഏറ്റവും കടുപ്പമുള്ളത്. ജർമ്മനിയും സ്പെയിനും അണിനിരക്കുന്ന ഗ്രൂപ്പ് ബിയും, ഓസ്ട്രേലിയയും ബ്രസീലുമുള്ള ഗ്രൂപ്പ് സിയും ശക്തം തന്നെയാണ്.

Group A ; France, Korea Republic, Norway, Nigeria

Group B; Germany, China, Spain, South Africa

Group C; Australia,Italy, Brazil, Jamaica

Group D; England, Scotland, Argentina, Japan

Group E; Canada, Cameroon, New Zealand, Netherlands

Group F; USA, Thailand,Chile, Sweden