വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് അത്ര ശരിയായില്ലെങ്കിലും വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയ്ക്ക് 44 റൺസ് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237/9 എന്ന സ്കോറാണ് നേടിയത്.
അതേ സമയം പ്രസിദ്ധ് കൃഷ്ണയുടെ 4 വിക്കറ്റ് നേട്ടം വിന്‍ഡീസ് ബാറ്റിംഗിനെ തകര്‍ത്തെറിയുകയായിരുന്നു. 46 ഓവറിൽ വെസ്റ്റിന്‍ഡീസ് 193 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 44 റൺസ് നേടിയ ഷമാര്‍ ബ്രൂക്ക്സ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. ഷായി ഹോപ് 27 റൺസ് നേടി.
76/5 എന്ന നിലയിലേക്ക് വീണ വിന്‍ഡീസിനെ ഷമാര്‍ ബ്രൂക്ക്സും അകീൽ ഹൊസൈനും ചേര്‍ന്ന് നേടിയ 41 റൺസാണ് മുന്നോട്ട് നയിച്ചത്. ഷമാര്‍ പുറത്തായ ശേഷം ഫാബിയന്‍ അല്ലനെ കൂട്ടുപിടിച്ച് അകീൽ 42 റൺസ് കൂടി നേടി.
എന്നാൽ അല്ലനെ സിറാജും അകീലിനെ താക്കുറും പുറത്താക്കിയതോടെ 159/6 എന്ന സ്കോറിൽ നിന്ന് 159/8 എന്ന നിലയിലേക്ക് വിന്‍ഡീസ് വീണു.
അകീൽ ഹൊസൈന്‍ 34 റൺസ് നേടി പുറത്തായി. ഇരുവരും പുറത്തായ ശേഷം ഒഡീന്‍ സ്മിത്ത് ശര്‍ദ്ധുൽ താക്കൂറിനെ തുടരെ സിക്സുകള്‍ക്ക് പായിച്ചപ്പോള്‍ അവസാന 10 ഓവറിൽ വിന്‍ഡീസിന് ജയിക്കുവാന്‍ വേണ്ടിയിരുന്നത് 67 റൺസായിരുന്നു. എന്നാൽ ടീമിന്റെ കൈവശം വെറും 2 വിക്കറ്റാണുണ്ടായിരുന്നത്.
ഇന്ത്യന്‍ ക്യാമ്പിൽ പരിഭ്രാന്തി പരത്തിയ ഒഡീന്‍ സ്മിത്തിനെ വാഷിംഗ്ടൺ സുന്ദര്‍ പുറത്താക്കിയതോടെ ഇന്ത്യ ജയം ഉറപ്പിക്കുകയായിരുന്നു. വിജയത്തോടെ ഇന്ത്യ പരമ്പര 2-0ന് നേടി.