മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ ജെയിംസ് വിൽസൺ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ ഭാവി പ്രവചിക്കപ്പെട്ടിരുന്ന വിൽസൺ പരിക്ക് കാരണമാണ് ഇപ്പോൾ ക്ലബ് വിടാൻ തീരുമാനിച്ചത്. ഇടക്കിടെ പരിക്ക് അലട്ടിയതിനാൽ പ്രവചിക്കപ്പെട്ട തരത്തിൽ മികച്ച താരമാകാൻ വിൽസണ് ആയിരുന്നില്ല. ഇപ്പോൾ സ്കോട്ട്‌ലൻഡ് ക്ലബായ അബെർഡീനിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയാണ് 23കാരനായ വിൽസൺ. അവിടെയും പരിക്ക് കാരണം അധികം മത്സരം കളിക്കാൻ വിൽസണായില്ല.
2014ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തിയ താരമാണ് വിൽസൺ. പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ യുണൈറ്റഡിനായി ഇരട്ട ഗോൾ നേടാനും വിൽസണായിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് പരിക്ക് പലപ്പോഴും വിൽസണ് തിരിച്ചടി നൽകി.
വിൽസന്റെ നാലാം ലോൺ സ്പെൽ ആണ് സ്കോട്ട്‌ലൻഫിലേത്. ഇതിനു മുമ്പ് ഷെഫീൽഡ് യുണൈറ്റഡ്, ബ്രൈറ്റൺ, ഡെർബി കൗണ്ടി എന്നീ ക്ലബുകളിലും ലോണിൽ വിൽസൺ കളിച്ചിട്ടുണ്ട്. യുണൈറ്റഡ് തനിക്ക് ഇനിയും കരാർ തരുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നും കരിയറിൽ പുതിയ വെല്ലുവിളികൾ നേരിടേണ്ട സമയമായെന്നും വിൽസൺ പറഞ്ഞു.