തിമോ വെർണർ ബുണ്ടസ് ലീഗയിൽ 100 ഗോളുകൾ തികച്ചു, ആർ.ബി ലൈപ്സിഗിന് ജയം

Wasim Akram

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഓഗസ്ബർഗിനെ 3-2 നു തോൽപ്പിച്ചു ആർ.ബി ലൈപ്സിഗ് മൂന്നാം സ്ഥാനത്തേക്ക് കയറി. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ഓഗ്സ്ബർഗ് മത്സരത്തിൽ മുന്നിലെത്തി. ലാഗോയുടെ പാസിൽ നിന്നു ആർണേ മെയിർ ആണ് അവരുടെ ഗോൾ നേടിയത്. എന്നാൽ പത്താം മിനിറ്റിൽ വെർണറിന്റെ പാസിൽ നിന്നു കെവിൻ കാമ്പിൽ ലൈപ്സിഗിന് ആയി സമനില ഗോൾ നേടി. 32 മത്തെ മിനിറ്റിൽ തിമോ വെർണർ ലൈപ്സിഗിന്റെ രണ്ടാം ഗോൾ നേടി.

തിമോ വെർണർ

ബെഞ്ചമിൻ ഹെൻറിക്സിന്റെ പാസിൽ നിന്നായിരുന്നു വെർണറിന്റെ ഗോൾ. 3 മിനിറ്റിനുള്ളിൽ വെർണറിന്റെ രണ്ടാം ഗോൾ പിറന്നു. കെവിൻ കാമ്പിലിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ വോളി ഷോട്ടിലൂടെ വെർണർ ബുണ്ടസ് ലീഗയിലെ തന്റെ നൂറാം ഗോൾ നേടുക ആയിരുന്നു. രണ്ടാം പകുതിയിൽ റൂബൻ വർഗാസിന്റെ ഗോൾ ഓഗസ്ബർഗിനു പ്രതീക്ഷ നൽകിയെങ്കിലും ജയം ലൈപ്സിഗ് കൈവിട്ടില്ല. തോൽവിയോടെ 14 സ്ഥാനത്ത് ആണ് ഓഗസ്ബർഗ്.