ലോകകപ്പ് യോഗ്യതയിൽ ഗ്രൂപ്പ് ഐയിൽ അണ്ടോറയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ നിലനിർത്തി പോളണ്ട്. ജയത്തോടെ ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് പിറകിൽ രണ്ടാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ് പോളണ്ട്. രാജ്യത്തിനു ആയി ഇന്നും ഗോൾ കണ്ടത്തി ക്യാപ്റ്റൻ റോബർട്ട് ലെവൻഡോസ്കി. ഈ വർഷത്തിൽ ഇത് വരെ ക്ലബിനും രാജ്യത്തിനും ആയി 62 ഗോളുകൾ ആണ് ലെവൻഡോസ്കി അടിച്ചു കൂട്ടിയത്. മത്സരത്തിലെ ആദ്യ മിനിറ്റിൽ തന്നെ മോശം ഫൗളിന് കുകു ചുവപ്പ് കാർഡ് കണ്ടതോടെ അണ്ടോറ 10 പേരായി ചുരുങ്ങിയിരുന്നു.
തുടർന്ന് അഞ്ചാം മിനിറ്റിൽ ലെവൻഡോസ്കി തന്നെയാണ് പോളണ്ടിന്റെ ഗോൾ വേട്ട ആരംഭിച്ചത്. തുടർന്ന് 11 മത്തെ മിനിറ്റിൽ കാമിൽ ജോസ്വിയാക് പോളണ്ടിനു രണ്ടാം ഗോൾ സമ്മാനിച്ചു. 45 മത്തെ മിനിറ്റിൽ അണ്ടോറ മാർക് വാലസിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു എങ്കിലും 2 മിനിറ്റിനുള്ളിൽ ലെവൻഡോസ്കിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മിലിക് പോളണ്ടിനു മൂന്നാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 73 മത്തെ മിനിറ്റിൽ ലെവൻഡോസ്കി തന്നെയാണ് പോളണ്ട് ജയം പൂർത്തിയാക്കിയത്. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹംഗറി ദുർബലരായ സാൻ മറീനോയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു.