യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ വമ്പൻ ജയവുമായി സ്‌പെയിൻ. ദുർബലരായ ജോർജിയയെ എതിരില്ലാത്ത 4 ഗോളുകൾക്ക് ആണ് സ്പാനിഷ് ടീം ഇന്ന് തകർത്തത്. 14 മിനിറ്റിൽ കോർണറിൽ നിന്നു ഗോൾ കണ്ടത്തിയ ജോസെ ഗയയാണ് സ്പെയിനിന്റെ ആദ്യ ഗോൾ നേടിയത്. 25 മിനിറ്റിൽ കാർലോസ് സോളർ റീബൗണ്ട് അവസരം ലക്ഷ്യം കണ്ടു സ്പാനിഷ് ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. 41 മിനിറ്റിൽ ഗോൾ കണ്ടത്തിയ ഫെരാൻ ടോറസ് ആദ്യ പകുതിയിൽ തന്നെ സ്പാനിഷ് ജയം ഉറപ്പിച്ചു. 63 മിനിറ്റിൽ പാബ്ലോ ഫോർനാൽസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ പാബ്ലോ സറാബിയ ആണ് സ്പാനിഷ് ജയം പൂർത്തിയാക്കിയത്. മത്സരത്തിൽ 75 ശതമാനം സമയവും പന്ത് കൈവശം വച്ച സ്പെയിൻ നിരവധി അവസരങ്ങൾ ആണ് സൃഷ്ടിച്ചത്.
മറ്റൊരു ദുർബലരായ അർമേനിയയെ ഗോൾ മഴയിൽ മുക്കിയാണ് ജർമ്മനി തങ്ങളുടെ ജയം ആഘോഷിച്ചത്. സെർജ് ഗനാബ്രി ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ എതിരില്ലാത്ത 6 ഗോളുകൾക്ക് ആയിരുന്നു ജർമ്മൻ ജയം. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ തന്റെ ബയേൺ സഹതാരം ഗോർട്ടസ്കെയുടെ പാസിൽ നിന്നു ഗനാബ്രി ഹൻസി ഫ്ലിക്കിന്റെ ടീമിന് മുൻതൂക്കം നൽകി. 15 മിനിറ്റിൽ മാർകോ റൂയിസിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ഗനാബ്രി ജർമ്മൻ ലീഡ് ഉയർത്തി. 35 മിനിറ്റിൽ തിമോ വെർണറിന്റെ പാസിൽ നിന്നു മാർകോ റൂയിസ് മൂന്നാം ഗോൾ കണ്ടത്തി. 44 മിനിറ്റിൽ ഇത്തവണ ഗോർട്ടസ്‌കെയുടെ പാസിൽ നിന്നു ഗോൾ നേടിയ വെർണർ ജർമ്മൻ ഗോൾ നേട്ടം നാലാക്കി ഉയർത്തി. രണ്ടാം പകുതിയിൽ 52 മിനിറ്റിൽ യൊനാസ് ഹോഫ്മാൻ ജർമ്മനിക്ക് അഞ്ചാം ഗോൾ സമ്മാനിച്ചപ്പോൾ 91 മിനിറ്റിൽ റിറ്റ്സിന്റെ പാസിൽ നിന്നു കരിം അദിയെമിയാണ് ജർമ്മൻ ജയം പൂർത്തിയാക്കിയത്.