ഖത്തർ ലോകകപ്പ്; അമേരിക്കയുടെ വിജയം തടഞ്ഞ് ഗരെത് ബെയ്ല്. ഇന്ന് വെയിൽസിന് എതിരെ വിജയത്തിലേക്ക് പോവുക ആയിരുന്ന അമേരിക്കയെ ബെയ്ലിന്റെ ഗോളിൽ വെയിൽസ് സമനിലയിൽ തളച്ചു. 1-1 എന്ന നിലയിൽ ആണ് മത്സരം അവസാനിച്ചത്. 83ആം മിനുട്ടിൽ ആയിരുന്നു ബെയ്ലിന്റെ സമനില ഗോൾ വന്നത്.
ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ വെയിൽസ് തുടക്കത്തിൽ ഡിഫൻസിൽ ഊന്നിയാണ് കളിച്ചത്. യുവ അറ്റാക്കിങ് താരങ്ങൾ നിറഞ്ഞ അമേരിക്ക തുടക്കം മുതൽ വെയിൽസിന് എതിരെ അറ്റാക്കുകൾ ചെയ്തു. നിരവധി അവസരങ്ങളും അവർ സൃഷ്ടിച്ചു കൊണ്ടിരുന്നു. 36ആം മിനുട്ടിൽ അമേരിക്കയുടെ അറ്റാക്കുകൾക്ക് ഉള്ള ഫലം ലഭിച്ചു.
തിമൊതി വിയയുടെ ഒരു ഫസ്റ്റ് ടച്ച് ഫിനിഷ് ആണ് അമേരിക്കയ്ക്ക് ലീഡ് നൽകിയത്. പുലിസ്ക് നൽകിയ ത്രൂ പാസ് സ്വീകരിച്ചായിരുന്നു വിയയുടെ ഗോൾ. ഇതിഹാസ താരവും പിതാവുമായ ജോർജ് വിയക്ക് എത്താൻ കഴിയാതിരുന്ന ലോകകപ്പ് ഗോൾ എന്ന സ്വപനത്തിലാണ് മകൻ തിമൊതി വിയ ഈ ഗോളോടെ എത്തിയത്. ആദ്യ പകുതി ഈ ഗോളിന്റെ ബലത്തിൽ അമേരിക്ക 1-0ന് അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ സ്ട്രൈക്കർ മൂറിനെ കളത്തിൽ എത്തിച്ച് വെയിൽസ് അറ്റാക്കിലേക്ക് തിരിഞ്ഞു. അവർ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ബെൻ ഡേവിസിന്റെ ഒരു ഹെഡർ 64ആം മിനുട്ടിൽ അമേരിക്കൻ ഗോൾ കീപ്പർ ടർണർ തട്ടിയകറ്റിയത് സ്കോർ 1-0 എന്ന് തന്നെ നിർത്തി.
സമനില നേടാൻ ആഞ്ഞു ശ്രമിച്ച വെയിൽസിന് രക്ഷയായി 83ആം മിനുട്ടിൽ ഒരു പെനാൾട്ടി ലഭിച്ചു. ക്യാപ്റ്റൻ ഗരെത് ബെയ്ലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ബെയ്ല് തന്നെ ആണ് എടുത്തത്. ബെയ്ലിന്റെ പെനാൾട്ടി സ്പോടിൽ നിന്നുള്ള ഇടം കാലൻ കിക്ക് വലയുടെ ഒരു കോർണറിൽ പതിച്ചു. സ്കോർ 1-1
ഇതിനു ശേഷം ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഇനി ഇംഗ്ലണ്ടും ഇറാനും ആണ് വെയിൽസിന്റെയും അമേരിക്കയുടെയും മുന്നിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഉള്ളത്.