എല്ലാം മറികടന്ന ഫുട്ബോൾ സ്നേഹം കണ്ട് പരിശീലകൻ വിളിച്ചു, വൈശാഖ്‌ നോർത്ത് ഈസ്റ്റിലേക്ക്

Newsroom

വൈശാഖ്‌ ഫുട്ബോൾ പ്രേമികൾക്ക് മാത്രമല്ല വൈശാഖിനെ അറിയുന്നവർക്ക് മുഴുവൻ ഒരു അത്ഭുതമാണ്. അത്ഭുതം എന്നതിന് അപ്പുറം വൈശാഖ് പലർക്കും പ്രചോദനമാണ്. സ്കൂളിൽ പഠിക്കുമ്പോൾ ഒരു വാഹനാപകടത്തിൽ വലതു കാൽ നഷ്ടപ്പെട്ട വൈശാഖിനെ തടയാൻ ഒരു വിധിക്കും ആയിരുന്നില്ല. നഷ്ടപ്പെട്ടതിനേക്കാൽ നേടാൻ ഉള്ളതിനെ കുറിച്ച് ചിന്തിക്കുന്ന വൈശാഖിനെ തേടി കൂടുതൽ ഉയരങ്ങൾ എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വൈശാഖിന്റെ നാടിന് തൊട്ടടുത്ത് ഉള്ള കല്ലാനോടിൽ നടന്ന ഇലവൻസ് ഫുട്ബോൾ മത്സരത്തിൽ മലബാർ യുണൈറ്റഡ് നിരയിൽ വൈശാഖും ഉണ്ടായിരുന്നു. എല്ലാവർക്കും ഒപ്പം അവർക്ക് തുല്യരായി ചിലപ്പോഴൊക്കെ അവരേക്കാൾ മികച്ചതായി തന്നെ വൈശാഖ് പന്ത് തട്ടി. വൈശാഖ് പന്ത് കളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി.

ട്വിറ്ററിൽ ഫുട്ബോൾ പ്രേമിയായ വിവേക് പൊതുവാൾ എന്ന വ്യക്തി പങ്കുവെച്ച വൈശാഖിന്റെ വീഡിയോ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബിന്റെ പരിശീലകൻ എൽകോ ഷറ്റോരിയുടെ ശ്രദ്ധയിലും പെട്ടു. വൈശാഖിന്റെ ഫുട്ബോളിനോടുള്ള അർപ്പണ ബോധത്തെ പ്രകീർത്തിച്ച ഷറ്റോരി താരത്തെ നോർത്ത് ഈസ്റ്റ് ക്ലബിലേക്ക് ബഹുമാനാർത്ഥം ക്ഷണിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞു. ആ ക്ഷണം വെറുതെ ആയിരുന്നില്ല.

വൈശാഖുമായി ബന്ധപ്പെട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീം മറ്റന്നാൾ, ജനുവരി 24ന് ഗുവാഹത്തിയിലേക്ക് വൈശാഖിനെ കൊണ്ടുപോകാൻ തീരുമാനിച്ചു. 25ന് വൈശാഖ് ഐ എസ് എൽ താരങ്ങൾക്ക് ഒപ്പം പരിശീലനം നടത്തും. 26ന് ചെന്നൈയിനും ആയുള്ള നോർത്ത് ഈസ്റ്റിന്റെ മത്സരത്തിൽ വൈശാഖ് ആകും ക്ലബിന്റെ പ്രധാന അതിഥി.

വൈശാഖ് ഇന്ത്യയുടെ ദേശീയ താരം കൂടിയാണ്. ആംപ്യൂട്ടി ഫുട്ബോളിൽ ഇന്ത്യയുടെ ഏഷ്യൻ കപ്പ് ടീമിൽ വൈശാഖും ഉണ്ട്. സിറ്റി വോളിബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ക്യാപ്റ്റനും കൂടി ആയിരുന്നു വൈശാഖ്. ഇപ്പോൾ ഇടുക്കിയിൽ ഒരു ഗവൺമെന്റ് ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയി താൽക്കാലിക ജോലി ചെയ്യുകയാണ് വൈശാഖ്.