അവസാന സെക്കന്‍ഡില്‍ ത്രി പോയിന്ററിലൂടെ ഇറാഖിനെതിരെ വിജയം, രണ്ടാം മത്സരത്തില്‍ ലെബനനോട് പരാജയം ഏറ്റു വാങ്ങി ഇന്ത്യ

Sports Correspondent

ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ഒരു വിജയവും ഒരു തോല്‍വിയും. ഇന്ത്യ ആദ്യ മത്സരത്തില്‍ ഇറാഖിനെ 81-78 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ ലെബനനോട് ഇന്ത്യ 99-71 എന്ന സ്കോറിന് പരാജയം ഏറ്റു വാങ്ങുകയായിരുന്നു. ബഹ്റൈനിലെ ഖലീഫ സ്പോര്‍ട്സ് സിറ്റിയിലാണ് ഇരു മത്സരങ്ങളും നടന്നത്.

ആദ്യ മത്സരത്തില്‍ ഇറാഖിനെതിരെ ഇന്ത്യയുടെ വിജയം അവസാന സെക്കന്‍ഡില്‍ ആയിരുന്നു. വിശേഷ് ബൃഗ്വന്‍ഷിയുടെ അവസാന സെക്കന്‍ഡിലെ ത്രീ പോയിന്റര്‍ ആണ് 78-78ന് തുല്യത പാലിച്ച ടീമുകളെ വേര്‍തിരിച്ചത്.

എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇരു ടീമുകളും രണ്ടാം നിര ടീമിനെയാണ് ഇറക്കിയതെങ്കിലും ഇന്ത്യയ്ക്ക് ലെബനന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. ലെബനന്‍ വിജയത്തോടെ 2021 ഫിബ ഏഷ്യ കപ്പിന് ഒന്നാം സ്ഥാനക്കാരായി അപരാജിതരായി യോഗ്യത നേടിയപ്പോള്‍ ഇന്ത്യ മൂന്നാം സ്ഥാനക്കാരായി ഇനിയൊരു യോഗ്യത റൗണ്ട് കൂടി കളിക്കും.

ഫെബ്രുവരി 21 2020ല്‍ നടന്ന മത്സരങ്ങളില്‍ ഇന്ത്യ ബഹ്റൈനോട് 67-68ന് പൊരുതി കീഴടങ്ങിയപ്പോള്‍ ഇറാഖിനെ 94-75ന് പരാജയപ്പെടുത്തിയിരുന്നു. പിന്നീട് നവംബര്‍ 27 2020ല്‍ ലെബനനോട് 60-115 എന്ന സ്കോറിന് ഇന്ത്യ കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ബഹ്റൈനോട് 72-88 എന്ന സ്കോറിന് ഇന്ത്യ കീഴടങ്ങി.

ഇത്തവണ കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു വിജയവും ഒരു പരാജയവുമാണ് ഇന്ത്യയുടെ സമ്പാദ്യം. ഗ്രൂപ്പ് ഡി യില്‍ ഇന്ത്യയ്ക്ക് ഇറാഖിനെതിരെ മാത്രമേ വിജയിക്കുവാനായുള്ളു.