ഹാട്രിക്കുമായി കോഹ്‍ലി, ഐസിസിയുടെ മൂന്ന് വ്യക്തിഗത അവാര്‍ഡുകളും സ്വന്തം

Sports Correspondent

ഐസിസിയുടെ 2018ലെ ക്രിക്കറ്ററായി വിരാട് കോഹ്‍ലി. ഐസിസി പുരുഷ ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സ് ട്രോഫി, ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍, ഐസിസി ഏകദിന ക്രിക്കറ്റര്‍ എന്നിങ്ങനെ അവാര്‍ഡുകളെല്ലാം തന്നെ കോഹ്‍ലി തൂത്തുവാരുകയായിരുന്നു. നേരത്തെ ഐസിസിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായും കോഹ്‍ലിയെ തിരഞ്ഞെടുത്തിരുന്നു.

ഈ വര്‍ഷം 13 ടെസ്റ്റുകളില്‍ നിന്ന് 55.08 എന്ന ശരാശരിയില്‍ 5 ശതകങ്ങള്‍ ഉള്‍പ്പെടെ 1322 റണ്‍സാണ് കോഹ്‍ലി നേടിയത്. ഏകദിനങ്ങളില്‍ നിന്ന് ആറ് ശതകങ്ങള്‍ ഉള്‍പ്പെടെ 1202 റണ്‍സ് നേടിയ കോഹ്‍ലിയുടെ ശരാശരി 133.55 എന്നതാണ്. 14 ഏകദിനങ്ങളാണ് കോഹ്‍ലി 2018ല്‍ കളിച്ചത്.