മൂന്ന് കളിയില്‍ ഒരു റണ്‍സ്, എന്നാല്‍ കെഎല്‍ രാഹുലിന് പിന്തുണയുമായി വിരാട് കോഹ്‍ലി

Sports Correspondent

മൂന്ന് കളിയില്‍ നിന്ന് രണ്ട് ഡക്ക് ഉള്‍പ്പെടെ ഒരു റണ്‍സാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ കെഎല്‍ രാഹുലിന്റെ സംഭാവന. എന്നാല്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് വിരാട് കോഹ്‍ലി. രാഹുല്‍ ഇന്ത്യയുടെ ചാമ്പ്യന്‍ താരമാണെന്നും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തെ സ്കോറുകള്‍ നോക്കുകയാണെങ്കില്‍ ടി20 ക്രിക്കറ്റില്‍ ആരെക്കാളും മികച്ച പ്രകടനമാണ് രാഹുല്‍ നടത്തിയതെന്നാണ് കോഹ്‍ലി പറയുന്നുത്.

രോഹിത്തിനൊപ്പം ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ പ്രധാന ബാറ്റ്സ്മാന്മാരില്‍ ഒരാളായി രാഹുല്‍ തുടരുമെന്നാണ് കോഹ്‍ലി പറയുന്നത്. താനും ഏതാനും മത്സരങ്ങള്‍ മുമ്പ് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതാണെന്നും ഇപ്പോള്‍ രണ്ട് അര്‍ദ്ധ ശതകങ്ങള്‍ നേടി താന്‍ ഫോമിലേക്ക് മടങ്ങിയെത്തിയെന്നത് കോഹ്‍ലി ചൂണ്ടി കാണിച്ചു. ടി20 ഫോര്‍മാറഅറില്‍ 5-6 പന്തുകളില്‍ ഒരു ബാറ്റ്സ്മാന് കളി മാറ്റി മറിയ്ക്കാവുന്നതാണെന്നും ചില പോസിറ്റീവ് ഷോട്ടുകള്‍ കളിക്കാനായാല്‍ തന്നെ താരങ്ങള്‍ക്ക് തങ്ങളുടെ സ്കോറിംഗ് മികവ് വീണ്ടെടുക്കാനാകുമെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.