ബയേണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വിയ്യറയലിനെ കിട്ടിയപ്പോൾ എത്ര ഗോളുകൾ ബയേൺ അടിച്ചു കൂട്ടും എന്ന് മാത്രമായിരുന്നു പല ചർച്ചകളും. അവരുടെ ഒക്കെ വാ ആദ്യ പാദത്തിൽ തന്നെ ഉനായ് എമിറെ എന്ന പരിശീലകൻ അടപ്പിച്ചുരുന്നു. ഇന്ന് രണ്ടാം പാദ ക്വാർട്ടറിൽ ജർമ്മനിയ ചെന്ന് പൊരുതി കൊണ്ട് അവർ ബയേണെ പുറത്താക്കുകയും ചെയ്തു. ഇന്ന് കളി 1-1 എന്ന് അവസാനിച്ചപ്പോൾ അഗ്രിഗേറ്റ് സ്കോറിൽ 2-1നായിരുന്നു വിയ്യറയൽ വിജയം. പ്രീക്വാർട്ടറിൽ അവർ യുവന്റസിനെയും പുറത്താക്കിയിരുന്നു
വിയ്യറയൽ ആദ്യ പാദത്തിലെ വിജയത്തിന്റെ ബലം ഉള്ളത് കൊണ്ട് തന്നെ ഇന്ന് മ്യൂണിക്കിൽ തീർത്തും പ്രതിരോധ മതിൽ തീർത്ത് കൊണ്ടാണ് കളിച്ചത്. ഉനായ് എമിറെയുടെ ഈ തന്ത്രം ആദ്യ പകുതിയിൽ ഫലിക്കുകയും ചെയ്തു. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ബയേണായില്ല. പക്ഷെ രണ്ടാം പകുതിയിൽ അതായില്ല അവസ്ഥ. ബയേൺ ഒന്നിനു പിറകെ ഒന്നായി ഷോട്ടുകൾ തൊടുത്തു. നിരന്തരം അറ്റാക്കും ചെയ്തു.
അവസാനം 52ആം മിനുട്ടിൽ ബയേണ് അവർ അർഹിച്ച ബ്രേക്ക് കിട്ടി. മുള്ളറിന്റെ പാസിൽ നിന്ന് ലെവൻഡോസ്കിയുടെ ഗോൾ. ബയേൺ 1-0ന് മുന്നിൽ. അഗ്രിഗേറ്റിൽ സ്കോർ 1-1!! ആ ഗോൾ വന്നതോടെ കളി എളുപ്പം അങ്ങ് വിജയിക്കാം എന്ന് ബയേൺ കരുതി. പക്ഷെ ഉനായ് എമിറെയുടെ തന്ത്രങ്ങൾ ബയേൺ കരുതിയതിനേക്കാൾ ആഴമേറിയതായിരുന്നു.
കാത്തിരുന്ന് കാത്തിരുന്ന് 88ആം മിനുട്ടിൽ വിയ്യറയൽ സമനില ഗോൾ നേടി. ചുക്വുസിയുടെ ഗോൾ. സ്കോർ 1-1. അഗ്രിഗേറ്റിൽ വിയ്യറയൽ 2-1ന് മുന്നിൽ. പിന്നീട് അവസാന നിമിഷങ്ങൾ മരിച്ച് ഡിഫൻഡ് ചെയ്ത് വിയ്യറയൽ വിജയം ഉറപ്പിച്ചു. അവർ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു. ബയേൺ പുറത്തേക്കും.