വിജയ് ശങ്കര്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്, പകരം മയാംഗ് അഗര്‍വാളിനെ വിളിക്കുവാനൊരുങ്ങി ബിസിസിഐ

Sports Correspondent

നെറ്റ്സില്‍ പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ പന്ത് കൊണ്ട് കാലിന് പരിക്കേറ്റ വിജയ് ശങ്കറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് അവസാനം. താരത്തിന് പകരം മയാംഗ് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തുവാനുള്ള ശ്രമമാണ് ബിസിസിഐ വൃത്തങ്ങള്‍ നടത്തുന്നത്. മയാംഗിനെ ഓപ്പണറായി പരിഗണിച്ച് കെഎല്‍ രാഹുലിനെ തിരികെ നാലാം നമ്പറില്‍ പരീക്ഷിക്കുവാനുള്ള നീക്കം കൂടിയാകാം വിജയ് ശങ്കറിന് പകരം മയാംഗിനെ ടീമിലേക്ക് വിളിക്കുവാനുള്ള തീരുമാനത്തിന് പിന്നില്‍.

അമ്പാട്ടി റായിഡുവിനെ പിന്തള്ളി നാലാം നമ്പറിലേക്ക് ഇന്ത്യന്‍ ടീം പരിഗണിച്ച താരമാണ് വിജയ് ശങ്കര്‍. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന താരം ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ പാക്കിസ്ഥാനെതിരെ ലോകകപ്പ് അരങ്ങേറ്റത്തിനവസരം കിട്ടി. അന്ന് ഭുവനേശ്വര്‍ കുമാറിന് കളിയ്ക്കിടെ പരിക്കേറ്റ ശേഷം ബൗളിംഗിനെത്തിയ താരം തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റും നേടിയിരുന്നു.