വരുണ്‍ ചക്രവര്‍ത്തിയുടെ അരങ്ങേറ്റം കുളമാക്കി സുനില്‍ നരൈന്‍

തന്റെ നൂറാം മത്സരത്തില്‍ അധികമന്നും ശ്രദ്ധ പിടിച്ച് പറ്റുവാന്‍ സുനില്‍ നരൈനു സാധിച്ചില്ലെങ്കിലും ഒരു അരങ്ങേറ്റക്കാരന്റെ ആത്മവിശ്വാസത്തെ തകര്‍ത്തെറിയുവാന്‍ താരത്തിനു സാധിച്ചും. അതും തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തന്റെ സ്പിന്‍ മന്ത്രജാലം പുറത്തെടുത്ത് ബാറ്റ്സ്മാന്മാരെ വെള്ളം കുടിച്ച വരുണ്‍ ചക്രവര്‍ത്തിയുടെ ആത്മവിശ്വാസത്തെ.

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ 4 ഓവറില്‍ നിന്ന് 28 റണ്‍സ് വഴങ്ങിയതായിരുന്നു കളിച്ച പത്ത് മത്സരങ്ങളില്‍ വരുണ്‍ ചക്രവര്‍ത്തി വിട്ട് നല്‍കിയ ഏറ്റവും അധികം റണ്‍സ്. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്ത ഇന്നിംഗ്സിന്റെ രണ്ടാം ഓവര്‍ എറിയുവാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയുടെ ആദ്യ ഓവറില്‍ കൊല്‍ക്കത്ത നേടിയത് 25 റണ്‍സാണ്. ഇതില്‍ 24 റണ്‍സും നേടിയത് സുനില്‍ നരൈനും. ഇതില്‍ മൂന്നാം പന്തില്‍ ഒരു റിട്ടേണ്‍ ക്യാച്ച് അവസരവും നാലാം പന്തില്‍ ഫീല്‍ഡറുടെ പിഴവ് മൂലം ബൗണ്ടറി കടന്നതാണെന്നതും നമ്മള്‍ കണക്കാക്കേണ്ടതുണ്ട്.

എന്നാല്‍ ആദ്യ ഓവറിലെ തിരിച്ചടിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ചക്രവര്‍ത്തിയ്ക്ക് സാധിച്ചിരുന്നു. രണ്ടാം ഓവറില്‍ 9 റണ്‍സാണ് വരുണിന്റെ ഓവറില്‍ നിന്ന് കൊല്‍ക്കത്ത നേടിയത്. 63 റണ്‍സ് നേടിയ നിതീഷ് റാണയെ പുറത്താക്കിയ വരുണ്‍ ആ ഓവറില്‍ ഒരു റണ്‍സ് മാത്രമേ വിട്ട് നല്‍കിയുള്ളു. ആദ്യ ഓവറില്‍ 25 റണ്‍സ് വഴങ്ങിയെങ്കിലും അടുത്ത രണ്ടോവറില്‍ നിന്ന് പത്ത് റണ്‍സ് മാത്രം വഴങ്ങി അധികം കേട് പറ്റാത്തെ തന്റെ ആദ്യ മത്സരം അവസാനിപ്പിക്കുവാന്‍ വരുണിനായി.

Exit mobile version