അവസാനം ഔദ്യോഗിക പ്രഖ്യാപനവും എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷ വാർത്ത നൽകി കൊണ്ട് ഈ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ട്രാൻസ്ഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കുകയാണ്. അയാക്സിന്റെ യുവതാരം വാൻ ഡെ ബീകാാണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പുവെച്ചത്. 2025വരെയുള്ള കരാറിൽ ആണ് വാൻ ഡെ ബീക് ഒപ്പുവെച്ചത്. അയാക്സ് ആവശ്യപ്പെട്ട 40 മില്യൺ നൽകിയാണ് യുണൈറ്റഡ് താരത്തെ ടീമിൽ എത്തിച്ചത്.
2015 മുതൽ അയാക്സിനൊപ്പം ഉള്ള താരമാണ് വാൻ ഡെ ബീക്. ഈ കഴിഞ്ഞ സീസണിൽ അയാക്സിന് വേണ്ടി 13 ഗോളും 11 അസിസ്റ്റും സംഭാവന നൽകാൻ ഈ 23കാരന് സാധിച്ചിരുന്നു. ചരിത്രം ഒരുപാട് ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ഭാഗമാകാൻ കഴിയുന്നതിൽ അതിയായ സന്തോഷം ഉണ്ട് എന്ന് വാൻ ഡെ ബീക് പറഞ്ഞു.
അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ വാൻ ഡെ ബീകിനായി റയൽ മാഡ്രിഡും ബാഴ്സലോണയും നേരത്തെ രംഗത്തുണ്ടായിരുന്നു. അവസാനം സ്പർസും വാൻഡെ ബീകിനായി ശ്രമിച്ചു. അവരെയൊക്കെ മറികടന്നാണ് യുണൈറ്റഡ് ഈ ട്രാൻസ്ഫർ പൂർത്തിയാകിയത്. 2018-19 സീസണിലെ അയാക്സിന്റെ ഇരട്ട കിരീടത്തിലും ചാമ്പ്യൻസ് ലീഗ് കുതിപ്പിലും വാൻ ഡെ ബീക് പ്രധാന പങ്കുവഹിച്ചിരുന്നു. 17 ഗോളുകളും 13 അസിസ്റ്റും താരം ആ സീസണിൽ അയാക്സിനായി സംഭാവന ചെയ്തിരുന്നു. നൂറോളം മത്സരങ്ങൾ താരം ഇതുവരെ അയാക്സിനായി കളിച്ചു. ബ്രൂണോ പോഗ്ബ എന്നിവർക്ക് ഒപ്പം വാൻ ഡെ ബീക് കൂടെ അണിനിരക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര അതിശക്തമാകും.