മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷ വാർത്ത. ഈ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ട്രാൻസ്ഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കുകയാണ്.
അയാക്സിന്റെ യുവതാരം വാൻ ഡെ ബീകുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ധാരണയിൽ എത്തി. താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ സമ്മതിച്ചതായി പ്രമുഖ മാധ്യമ പ്രവർത്തകൻ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2025വരെയുള്ള കരാറിൽ വാൻ ഡെ ബീക് ഒപ്പുവെക്കും.
ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സിന് ഔദ്യോഗികമായി ഓഫർ സമർപ്പിച്ചിരിക്കുകയാണ്. അയാക്സ് ആവശ്യപ്പെടുന്ന 40 മില്യൺ നൽകാൻ യുണൈറ്റഡ് തയ്യാറാണ്. അതുകൊണ്ട് തന്നെ വാൻ ഡെ ബീക് യുണൈറ്റഡ് താരമാകും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ തന്നെ വന്നേക്കും. അയാക്സിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ വാൻ ഡെ ബീകിനായി റയൽ മാഡ്രിഡും ബാഴ്സലോണയും നേരത്തെ രംഗത്തുണ്ടായിരുന്നു. അവസാനം സ്പർസും വാൻഡെ ബീകിനായി ശ്രമിച്ചു. അവരെയൊക്കെ മറികടന്നാണ് യുണൈറ്റഡ് ഈ ട്രാൻസ്ഫർ പൂർത്തിയാക്കാൻ പോകുന്നത്. അയാക്സിന്റെ അക്കാദമിയിലൂടെ വളർന്ന് വന്ന വാൻ ഡെ ബീക് കഴിഞ്ഞ സീസൺ മുതൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സീസണിലെ അയാക്സിന്റെ ഇരട്ട കിരീടത്തിലും ചാമ്പ്യൻസ് ലീഗ് കുതിപ്പിലും വാൻ ഡെ ബീക് പ്രധാന പങ്കുവഹിച്ചിരുന്നു. 17 ഗോളുകളും 13 അസിസ്റ്റും താരം കഴിഞ്ഞ സീസണിൽ അയാക്സിനായി സംഭാവന ചെയ്തിരുന്നു. ഈ സീസണിലും വാൻ ഡെ ബീക് മികച്ച പ്രകടനം അയാക്സിജായി കാഴ്ചവെച്ചു. നൂറോളം മത്സരങ്ങൾ താരം ഇതുവരെ അയാക്സിനായി കളിച്ചു. 23കാരനായ താരത്തിന് വലിയ ഭാവി തന്നെ ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്.