മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആയ അന്റോണിയോ വലൻസിയ വിരമിച്ചു. താരം ഇന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി. മെക്സിക്കൻ ക്ലബായ ക്യുരെറ്റാരൊക്ക് വേണ്ടി കളിക്കുക ആയിരുന്നു വലൻസിയ. 35കാരനായ താരം ഇനി ഫുട്ബോൾ താരമായി ഉണ്ടാകില്ല. രണ്ട് വർഷം മുമ്പായിരുന്നു വലൻസിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്.
റൈറ്റ് ബാക്കായ അന്റോണിയോ വലൻസി യുണൈറ്റഡ് വിട്ടതിനു പിന്നാലെ ഇക്വഡോറിയൻ ക്ലബായ ക്യുറ്റോക്ക് വേണ്ടിയും കളിച്ചിരുന്നു. 2009ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വിങ്ങറായി എത്തിയതാണ് വലൻസിയ. സർ അലക്സ് ഫെർഗൂസണ് കീഴിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ വലൻസിയ നേടിയിട്ടുണ്ട്. ആദ്യം വിങ്ങറായി കളിച്ചു എങ്കിലും പിന്നീട് യുണൈറ്റഡിന്റെ സ്ഥിരം റൈറ്റ് ബാക്കായി വലൻസിയ മാറി. 10 സീസണുകൾ കളിച്ച ശേഷമാണ് വലൻസിയ ക്ലബ് വിട്ടത്.
339 മത്സരങ്ങൾ വലൻസിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനായി കളിച്ചിട്ടുണ്ട്. രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ കൂടാതെ, ഒരു യൂറോപ്പ കിരീടം, ഒരു എഫ് എ കപ്പ്, രണ്ട് ലീഗ് കപ്പ് എന്നിവയും വലൻസിയ യുണൈറ്റഡിനൊപ്പം നേടിയിട്ടുണ്ട്. മുമ്പ് വിഗൻ അത്ലറ്റിക്കിനായും വലൻസിയ കളിച്ചിട്ടുണ്ട്. ഇക്വഡോർ ദേശീയ ടീമിനായി 99 മത്സരങ്ങളും വലൻസിയ കളിച്ചിട്ടുണ്ട്.