ഗുജറാത്തിന് വൈഭവിന്റെ ഷോക്ക് ട്രീറ്റ്മെന്റ്, രാജസ്ഥാന്‍ വിജയ വഴിയിൽ

Sports Correspondent

Vaibhav
Download the Fanport app now!
Appstore Badge
Google Play Badge 1

വിജയത്തിന് തൊട്ടടുത്തെത്തി കാലിടറുന്ന രാജസ്ഥാന്റെ ആധികാരിക വിജയം ഐപിഎലില്‍ കണ്ടപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് കോരിത്തരിക്കുന്ന മനോഹര നിമിഷം നൽകി ഒരു 14 വയസ്സുകാരന്റെ അഴിഞ്ഞാട്ടം ആണ്  രാജസ്ഥാന്‍ റോയൽസിന്റെ ഹോം ഗ്രൗണ്ട് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

210 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ 15.5 ഓവറിൽ 8 വിക്കറ്റ് വിജയം കരസ്ഥമാക്കിയപ്പോള്‍ വൈഭവ് സൂര്യവന്‍ഷിയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് ആണ് ഐപിഎൽ ആരാധകര്‍ക്ക് കാണാനായത്.

ആദ്യ ഓവറിൽ തന്നെ യശസ്വി ജൈസ്വാളിന്റെ ക്യാച്ച് ജോസ് ബട്‍ലര്‍ കൈവിട്ടത് ഗുജറാത്തിന് വലിയ തിരിച്ചടിയായി മാറി. ജൈസ്വാളും വൈഭവും ചേര്‍ന്ന് അടിച്ച് തകര്‍ത്തപ്പോള്‍
4ാം ഓവറിൽ തന്നെ രാജസ്ഥാനെ 50 റൺസിലേക്ക് എത്തി.

വാഷിംഗ്ടൺ സുന്ദറിനെ ഒരോവറിൽ 21 റൺസിന് വൈഭവ് പായിച്ചപ്പോള്‍ താരം 17 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം വൈഭവ് തികച്ചു. അര്‍ദ്ധ ശതകം തികയ്ക്കുമ്പോള്‍ 3 ബൗണ്ടറിയും 6 സിക്സുമാണ് താരം നേടിയത്.

പവര്‍ പ്ലേയിലെ അവസാന ഓവറിൽ പ്രസിദ്ധ് കൃഷ്ണ വെറും 6 റൺസ് വിട്ട് നൽകിയപ്പോള്‍ രാജസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 87 റൺസാണ് ആദ്യ ആറോവറിൽ നേടിയത്. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ റഷീദ് ഖാന്റെ ആദ്യ പന്തിൽ ഒരു എൽബിഡബ്ല്യ റിവ്യു വൈഭവ് അതിജീവിച്ചു. ഏഴാം ഓവറിൽ റഷീദ് വെറും 4 റൺസാണ് വിട്ട് നൽകിയത്. പ്രസിദ്ധിന്റെ രണ്ടാം ഓവറിൽ ജൈസ്വാള്‍ രണ്ട് ബൗണ്ടറിയും വൈഭവ് ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 17 റൺസ് വന്നു. രാജസ്ഥാന്‍ തങ്ങളുടെ നൂറ് റൺസ് തികയ്ക്കുകയും ചെയ്തു.

Jaiswalsuryavanshi

പത്താം ഓവറിൽ കരിം ജനതിനെ 5 സിക്സുകള്‍ക്ക് പായിച്ച് വൈഭവ് 94ൽ എത്തിയപ്പോള്‍ അടുത്ത ഓവറിൽ റഷീദ് ഖാനെ സിക്സര്‍ പറത്തി താരം 35 പന്തിൽ നിന്ന് തന്റെ കന്നി ഐപിഎൽ ശതകം നേടി. ഐപിഎൽ ചരിത്രത്തിലെ തന്നെ വേഗതയേറിയ രണ്ടാമത്തെ ശതകമാണ് ഇത്.

തൊട്ടടുത്ത ഓവറിൽ പ്രസിദ്ധ് കൃഷ്ണയെ ബൗണ്ടറി കടത്തി ജൈസ്വാള്‍ തന്റെ അര്‍ദ്ധ ശതകം 31 പന്തിൽ നിന്ന് തികച്ചു. അതേ ഓവറിൽ ജൈസ്വാള്‍ ഒരു സിക്സ് കൂടി നേടിയെങ്കിലും വൈഭവ് സൂര്യവന്‍ഷിയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന് ആദ്യ ബ്രേക്ക് ത്രൂ നൽകി.

38 പന്തിൽ 101 റൺസ് നേടിയ വൈഭവ് പുറത്താകുമ്പോള്‍ ഒന്നാം വിക്കറ്റിൽ ജൈസ്വാളുമായി താരം 166 റൺസാണ് 71 പന്തിൽ നേടിയത്. റിയാന്‍ പരാഗ് സായി കിഷോറിനെ രണ്ട് ഫോറിനും ഒരു സിക്സിനും പറത്തിയപ്പോള്‍ 15 ഓവറിൽ രാജസ്ഥാന്‍ 199/2 എന്ന നിലയിലായിരുന്നു.

15.5 ഓവറിൽ രാജസ്ഥാന്‍ വിജയം നേടുമ്പോള്‍ സിക്സര്‍ പറത്തി ടീമിനെ 212 റൺസിലേക്ക് എത്തിച്ച് റിയാന്‍ പരാഗ് ആണ് വിജയ റൺസ് നേടിയത്. ജൈസ്വാള്‍ 40 പന്തിൽ 70 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ റിയാന്‍ പരാഗ് 15 പന്തിൽ 32 റൺസ് നേടി പുറത്താകാതെ നിന്നു.

മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 41 റൺസാണ് നേടിയത്.