എഎഫ്സി അണ്ടർ 17 ഏഷ്യൻ കപ്പിൽ ഉസ്ബെക്കിസ്താനോട് തോൽവി വഴങ്ങി ഇന്ത്യ. മത്സരത്തിന്റെ 81ആം മിനിറ്റിൽ റെയിമോവ് നേടിയ ഗോൾ ആണ് ഇന്ത്യക്ക് വിനയായത്. ഇതോടെ ഗ്രൂപ്പിൽ രണ്ടു മത്സരങ്ങൾ പൂർത്തിയവുമ്പോൾ ഒരേയൊരു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ വിയറ്റ്നാമിനോട് സമനില നേടിയാണ് ടീം ടൂർണമെന്റ് ആരംഭിച്ചത്.
മത്സരത്തിൽ ഭൂരിഭാഗം സമയവും ഇന്ത്യ ഗോൾ വഴങ്ങാതെ നിന്നെങ്കിലും ഉസ്ബെക്കിന് തന്നെ ആയിരുന്നു ആധിപത്യം. ഇരു ടീമിനും മുൻതൂക്കം ഇല്ലാതെ ആരംഭിച്ച മത്സരത്തിൽ ഉസ്ബെക്കിസ്താൻ പതിയെ മേൽകൈ നേടി. ഷോദിബെവിന്റെ മികച്ചൊരു നീക്കം ഇന്ത്യൻ പ്രതിരോധം തടഞ്ഞ ശേഷം ഇന്ത്യൻ ക്യാപ്റ്റൻ കോരുവിന്റെ വോളി കോർണറിൽ അവസാനിച്ചു. പിന്നീട് കാര്യമായ അവസരങ്ങൾ ഇല്ലാതെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിലും പന്തിന്മേലുള്ള ആധിപത്യം തുടർന്ന ഉസ്ബെക്കിസ്താന് പക്ഷെ 81ആം മിനിറ്റ് വരെ ഗോൾ നേടാൻ കാത്തിരിക്കേണ്ടി വന്നു. ബോക്സിന്റെ ഇടത് വശത്ത് നിന്നും മധ്യത്തിലേക്കായി ക്യാപ്റ്റൻ മിർസയെവ് തൂക്കിയിട്ട് നൽകിയ ബോളിൽ ഒന്നാന്തരമൊരു ഷോട്ട് ഉതിർത്താണ് റെയ്മോവ് വല കുലുക്കിയത്. തോൽവിയോടെ ഗ്രൂപ്പിലെ അവസാന മത്സരം ഇന്ത്യക്ക് നിർണായകമായി. ജപ്പാനെതിരെ വിജയം സുനിശ്ചിതമാക്കേണ്ട ടീമിന് ഉസ്‌ബെക്കിസ്താൻ വിയറ്റ്നാമിനോട് തോൽവി അറിയാനും കാത്തിരിക്കണം.