യുഫേഫ നേഷൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് കാരണം ടീമിൽ ഇല്ലാത്തതിന്റെ അഭാവം ഒന്നുമില്ലാതെ മികച്ച പ്രകടനം തുടർന്ന് പോർച്ചുഗൽ. സ്വീഡനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത പറങ്കിപ്പട പൂൾ എയിലെ സി ഗ്രൂപ്പിൽ ഫ്രാൻസിന് മുകളിൽ ഒന്നാം സ്ഥാനത്തും ഇതോടെ എത്തി. റൊണാൾഡോയുടെ അഭാവത്തിൽ മുന്നേറ്റത്തിൽ തിളങ്ങിയ ലിവർപൂൾ താരം ഡീഗോ ജോട്ടയാണ് പോർച്ചുഗലിന് വമ്പൻ ജയം സമ്മാനിച്ചത്. മത്സരത്തിൽ 21 മത്തെ മിനിറ്റിൽ ബെർണാഡോ സിൽവ ആണ് പറങ്കിപ്പടക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. ജോട്ടയുടെ പാസിൽ നിന്നായിരുന്നു സിൽവയുടെ ഗോൾ.
തുടർന്നും മത്സരത്തിൽ ആക്രമണ ഫുട്‌ബോൾ കളിക്കുന്ന പോർച്ചുഗലിനെ ആണ് കാണാൻ ആയത്. രണ്ടാം പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്പ് കാൻസലോ നൽകിയ ക്രോസിൽ നിന്നു മികച്ച ഒരു അടിയോടെ തന്റെ ആദ്യ ഗോൾ കണ്ടത്തിയ ജോട്ട പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. തുടർന്ന് രണ്ടാം പകുതിയിൽ വില്യം കാർവാലോയിൽ നിന്നു ലഭിച്ച പന്തിൽ 3 സ്വീഡിഷ് പ്രതിരോധ നിരക്കാരെ മറികടന്നു മികച്ച ഒരു ഗോളിലൂടെ ഡീഗോ ജോട്ട പോർച്ചുഗീസ് ജയം പൂർത്തിയാക്കുക ആയിരുന്നു.