ജയം തുടർന്ന് ഡെന്മാർക്ക്, ഓസ്ട്രിയയെയും തോൽപ്പിച്ചു

യുഫേഫ നേഷൻസ് ലീഗിൽ ഫ്രാൻസിന് പിന്നാലെ ഓസ്ട്രിയയെയും വീഴ്ത്തി ഡെന്മാർക്ക്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഡാനിഷ് ജയം. സ്റ്റേഡിയത്തിലെ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് വൈകി ആണ് മത്സരം ആരംഭിച്ചത്. മത്സരത്തിൽ ആധിപത്യം പുലർത്തിയത് ഓസ്ട്രിയ ആയിരുന്നു എങ്കിലും ആദ്യം മുന്നിൽ എത്തിയത് ഡെന്മാർക്ക് ആയിരുന്നു. 27 മത്തെ മിനിറ്റിൽ പിയരെ ഹോൾബെയിർ അവരെ മുന്നിൽ എത്തിച്ചു.

തുടർന്ന് ഗോൾ തിരിച്ചടിക്കാൻ സകല ശ്രമങ്ങളും ഓസ്ട്രിയ നടത്തി. രണ്ടാം പകുതിയിൽ ഓസ്ട്രിയ 67 മത്തെ മിനിറ്റിൽ മത്സരത്തിൽ ഒപ്പം എത്തി. അർണോട്ടോവിച്ചിന്റെ പാസിൽ നിന്നു സാവർ ഗാലഗർ ആണ് അവർക്ക് സമനില നൽകിയത്. ഓസ്ട്രിയക്ക് മുൻതൂക്കം കണ്ട സമയത്ത് പക്ഷെ 84 മത്തെ മിനിറ്റിൽ ഡെന്മാർക്ക് ജയം പിടിച്ചെടുത്തു. ക്രിസ്റ്റിയൻ എറിക്സന്റെ പാസിൽ നിന്നു ഒരു ലോകോത്തര അടിയിലൂടെ പകരക്കാരനായി ഇറങ്ങിയ യെൻസ് ലാർസൻ ഡെന്മാർക്കിന്‌ വിജയം സമ്മാനിക്കുക ആയിരുന്നു.