ഉജ്ജ്വൽ കൃഷ്ണയുടെ സെഞ്ച്വറി!!! 74 റൺസ് ജയവുമായി അത്രേയ സെമിയിൽ

Sports Correspondent

മുത്തൂറ്റ് മൈക്രോഫിന്‍ സിസിയ്ക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി അത്രേയ സിസി. ജയത്തോടെ സെലസ്റ്റിയൽ ട്രോഫിയുടെ സെമി സ്ഥാനം അത്രേയ ഉറപ്പാക്കി. ഉജ്ജ്വൽ കൃഷ്ണയുടെ മിന്നും ബാറ്റിംഗ് പ്രകടനം അത്രേയയെ 30 ഓവറിൽ 216/8 എന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.

Ujwalkrishna

ഉജ്ജ്വൽ 78 പന്തിൽ 106 റൺസ് നേടിയപ്പോള്‍ മുത്തൂറ്റ് മൈക്രോഫിന്‍ ബൗളിംഗിൽ ബാലു ബാബു മൂന്ന് വിക്കറ്റും ഹരികൃഷ്ണന്‍, നിഖിൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 13 പന്തിൽ 28 റൺസ് നേടിയ റോജിത്തും അത്രേയയുടെ ഇന്നിംഗ്സിന് അവസാന ഓവറുകളിൽ വേഗം നൽകി.

ബൗളിംഗിൽ അത്രേയയ്ക്കായി 4 വിക്കറ്റുമായി ടിഎം വിഷ്ണു മുന്നിൽ നിന്ന് നയിച്ചപ്പോള്‍ മുത്തൂറ്റ് മൈക്രോഫിന്‍ 142 റൺസിന് ഓള്‍ഔട്ട് ആയി. 21.4 ഓവറിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ 44 റൺസ് നേടിയ സഞ്ജു സജീവും 41 റൺസ് നേടിയ ആകാശ് പിള്ളയും മാത്രമാണ് ചെറുത്ത്നില്പ് നടത്തിയത്. 74 റൺസ് വിജയം ആണ് അത്രേയ സ്വന്തമാക്കിയത്.

രണ്ടാം പന്തിൽ സഞ്ജയ് രാജിനെ നഷ്ടമായ ശേഷം ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 75 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും ഇവര്‍ പുറത്തായ ശേഷം മുത്തൂറ്റ് തകര്‍ന്നു. 5.4 ഓവറിൽ പുറത്താകുമ്പോള്‍ 20 പന്തിൽ 44 റൺസാണ് സഞ്ജു സജീവ് നേടിയത്. അധികം വൈകാതെ 26 പന്തിൽ 41 റൺസ് നേടിയ ആകാശ് പിള്ളയും പുറത്തായി. ഇരുവരെയും നിപുന്‍ ബാബു ആണ് പുറത്താക്കിയത്. നിപുന്‍ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടി.