കിരീടം നിലനിർത്താനും ആദ്യ ക്വാളിഫയറിൽ ഏറ്റ തോൽവിക്കു പകരം വീട്ടാനും യു.എഫ്.സിക്ക് അവസരം. രണ്ടാം ക്വാളിഫയറിൽ അഷ്ഹദുവിനെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് തകർത്താണ് യു.എഫ്.സി ഫൈനലിലേക്ക് മുന്നേറിയത്. ലീഗിൽ മുമ്പ് ഏറ്റുമുട്ടിയപ്പോൾ സമനില പാലിച്ച ടീമുകൾ തമ്മിൽ കടുത്ത പോരാട്ടം പ്രതീക്ഷിച്ച കളിപ്രേമികൾക്ക് നിരാശ പകരുന്ന പ്രകടനമാണ് അഷ്ഹദുവിൽ നിന്നുണ്ടായത്. ലക്ഷദ്വീപിനായി സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ കളിച്ച താരങ്ങൾ ഇരു ടീമിലും അണിനിരന്നപ്പോൾ താരമായത് യു.എഫ്.സിയുടെ ലക്ഷദ്വീപ് താരം ജാബിർ. കളിയിലെ കേമൻ കൂടിയായ ജാബിർ ആദ്യപകുതിയുടെ 17, 28 മിനിറ്റുകളിൽ നേടിയ ഗോളുകൾ മത്സരത്തിന്റെ വിധി എഴുതി. രണ്ടാം പകുതിയിൽ 81 മിനിറ്റിൽ സജീദ് ആണ് യു.എഫ്.സിയുടെ ഗോൾവേട്ട പൂർണമാക്കിയത്.
ഇതോടെ ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടിയ ഇരു ടീമുകളും തമ്മിലുള്ള പുനസമാഗനം ആയി ഫൈനൽ മത്സരം. ക്വാളിഫയറിൽ വി.സി.സിക്ക് എതിരെ പെനാൽട്ടിയിൽ കീഴടങ്ങിയ യു.എഫ്.സി അതിനുളള പ്രതികാരം തേടിയാവും ഫൈനൽ കളിക്കുക. കിരീടം നിലനിർത്താൻ ലീഗ് ഘട്ടത്തിൽ വി.സി.സിയെ തോൽപ്പിച്ച പ്രകടനത്തിന്റെ ആവർത്തനത്തിനാവും യു.എഫ്.സി ശ്രമിക്കുക. എന്നാൽ അധികവിശ്രമവും ആദ്യ ക്വാളിഫയറിൽ ജയിക്കാൻ സ്വാധിച്ചതും വി.സി.സിയുടെ ആത്മവിശ്വാസം കൂട്ടുന്ന ഘടകങ്ങൾ ആണ്. സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങളിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച താരങ്ങൾ അടക്കം കെ ലീഗിലെ അനുഭവസമ്പന്നർ ഇരുടീമിലും അണിനിരക്കുന്നുണ്ട്. അതിനാൽ തന്നെ കെ ലീഗിലെ ഫൈനൽ തീപാറും എന്നുറപ്പാണ്. കിരീടം നിലനിർത്താൻ യു.എഫ്.സിക്കാവുമോ അല്ല വി.സി.സി പുതുചരിത്രം കുറിക്കുമോ നമുക്ക് കാത്തിരുന്നു കാണാം.