എംബപ്പെ മാജിക്! സ്വീഡനെ ഏക ഗോളിന് മറികടന്നു ഫ്രാൻസ്

Wasim Akram

യൂറോ കപ്പ്, നേഷൻസ്‌ ലീഗ് ജേതാക്കൾ ആയ പോർച്ചുഗൽ, ലോകകപ്പിലെ രണ്ടാം സ്ഥാനക്കാർ ആയ ക്രൊയേഷ്യ എന്നിവരടങ്ങിയ മരണഗ്രൂപ്പിൽ ജയവുമായി തുടങ്ങി ലോക ജേതാക്കൾ ആയ ഫ്രാൻസ്. സ്വീഡനിൽ കിലിയൻ എംബപ്പെയുടെ ഏക ഗോൾ ആണ് ഫ്രാൻസിന് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ 41 മത്തെ മിനിറ്റിൽ അസാധ്യമെന്നു തോന്നിച്ച ആങ്കിളിൽ നിന്നാണ് പി.എസ്.ജി താരം തന്റെ ഗോൾ നേടിയത്.

കഴിഞ്ഞ 7 കളികളിൽ 7 ഗോളുകൾക്ക് ആണ് എംബപ്പെ ഫ്രാൻസിനായി പങ്കാളി ആയത്. ഫ്രാൻസിന് ആയുള്ള 14 മത്തെ ഗോൾ ആയിരുന്നു യുവ താരത്തിന് ഇത്. മത്സരത്തിൽ ഫ്രാൻസിന്റെ ഗോളിലേക്കുള്ള ഏക ഷോട്ട് ആയിരുന്നു ഇത്. ഇരു ടീമുകളും ഏതാണ്ട് സമാനമായ പന്തടക്കം സൂക്ഷിച്ച മത്സരത്തിൽ വലിയ അവസരങ്ങൾ ഒന്നും രണ്ടു ടീമുകളും തുറന്നില്ല എന്നതിനാൽ തന്നെ മത്സരം വിരസമായിരുന്നു. ആർ.ബി ലെപ്സിഗ് പ്രതിരോധ താരം ഉപമെകാനോ രാജ്യത്തിനായി ഈ മത്സരത്തിലൂടെ അരങ്ങേറ്റവും നടത്തി.