ഇരട്ടഗോളുകളും ആയി വിനീഷ്യസ്! ശാക്തറിന്റെ വല നിറച്ചു ആഞ്ചലോട്ടിയുടെ റയൽ മാഡ്രിഡ്!

Wasim Akram

രണ്ടു സീസണിനു മുമ്പ് ചാമ്പ്യൻസ് ലീഗിൽ ഉക്രൈൻ ക്ലബ് ശാക്തറിനു എതിരെ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു മത്സരങ്ങളും തോറ്റു വഴങ്ങിയ നാണക്കേടിന് പകരം വീട്ടി റയൽ മാഡ്രിഡ്. എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് ഉക്രൈൻ ക്ലബിനെ അവരുടെ മൈതാനത്ത് കാർലോ ആഞ്ചലോട്ടിയുടെ ടീം തകർത്തത്. മത്സരത്തിൽ എല്ലാ നിലക്കും മുന്നിട്ട് നിന്ന റയൽ 28 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. മത്സരത്തിൽ ആദ്യ 36 മിനിറ്റുകൾ ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാൻ ഉക്രൈൻ ക്ലബിന് സാധിച്ചു. എന്നാൽ 37 മിനിറ്റിൽ സ്വന്തം താരത്തിന്റെ അബദ്ധം ശാക്തറിന് വിനയായി. സെൽഫ് ഗോൾ വഴങ്ങിയ സെർഹി ക്രവസ്റ്റോവ് മാഡ്രിഡിന് ആദ്യ ഗോൾ സമ്മാനിച്ചു. ആദ്യ പകുതി 1-0 നു അവസാനിച്ചു എങ്കിലും രണ്ടാം പകുതിയിൽ റയലിന്റെ താണ്ഡവം ആണ് കാണാൻ ആയത്. 51 മിനിറ്റിൽ ലൂക്ക മോഡ്രിച്ച് നൽകിയ പാസിൽ നിന്നു വിനീഷ്യസ് ജൂനിയർ തന്റെ ആദ്യ ഗോൾ കണ്ടത്തി റയലിന് രണ്ടാം ഗോൾ സമ്മാനിച്ചു.

തുടർന്ന് വെറും നാലു മിനിറ്റിനുള്ളിൽ തന്റെ രണ്ടാം ഗോളും നേടിയ വിനീഷ്യസ് റയലിന്റെ ഗോൾ മൂന്നാക്കി മാറ്റി. ഇത്തവണ കരീം ബെൻസെമ ആയിരുന്നു ഗോളിന് വഴി ഒരുക്കിയത്. 64 മിനിറ്റിൽ റോഡ്രിഗോയുടെ ഗോളിന് അവസരം ഒരുക്കുക കൂടി ചെയ്തു വിനീഷ്യസ്. ഇതോടെ 4-0 ത്തിന്റെ മികച്ച മുൻതൂക്കം റയലിന് ലഭിച്ചു. തുടർന്നു 91 മത്തെ മിനിറ്റിൽ അസൻസിയോയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ കരീം ബെൻസെമ റയലിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. ഈ ഗോളോടെ റയലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ ഗോൾ വേട്ടക്കാരൻ ആവാനും ഫ്രഞ്ച് താരത്തിന് ആയി. ചാമ്പ്യൻസ് ലീഗിൽ ഷെരീഫിന് എതിരായ അപ്രതീക്ഷിത തോൽവിയിൽ നിന്നു ഈ വമ്പൻ ജയത്തോടെ റയലിന് ആയി എന്നത് ആഞ്ചലോട്ടിക്ക് വലിയ ആശ്വാസം ആണ് നൽകുക എന്നുറപ്പാണ്.