ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിൽ സ്വന്തം മൈതാനത്ത് ഷെരീഫിനോട് വഴങ്ങിയ തോൽവിക്ക് പ്രതികാരം ചെയ്തു റയൽ മാഡ്രിഡ്. ഇത്തവണ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് റയൽ ഷെരീഫിനെ വീഴ്ത്തിയത്. ജയത്തോടെ ഗ്രൂപ്പിൽ നിലവിൽ ഒന്നാം സ്ഥാനത്ത് എത്താനും ഇതിനകം അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ച റയലിന് ആയി. റയലിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ ഇടക്ക് റയലിനെ ബുദ്ധിമുട്ടിക്കാനും ഷെരീഫിന് ആയി.
മത്സരത്തിന്റെ 30 മത്തെ മിനിറ്റിൽ ഡേവിഡ് അലാബയുടെ ഫ്രീകിക്ക് ഷെരീഫ് താരത്തിന്റെ ദേഹത്ത് തട്ടി ലഭിച്ച ഗോളിലൂടെയാണ് റയൽ മുന്നിൽ എത്തുന്നത്. തുടർന്ന് ആദ്യ പകുതി തീരുന്നതിനു തൊട്ടു മുമ്പ് റോഡ്രിഗോയുടെ പാസിൽ നിന്നു ടോണി ക്രൂസിന്റെ കൃത്യമായ ഷോട്ട് റയലിന് രണ്ടാം ഗോൾ സമ്മാനിച്ചു. ക്രൂസിന്റെ അടി ബാറിൽ തട്ടി ഗോൾ ആവുക ആയിരുന്നു. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ ഫെർലാന്റ് മെന്റിയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്നുള്ള അടിയിലൂടെ സീസണിൽ അപാര ഫോമിലുള്ള കരീം ബെൻസെമ റയൽ ജയം പൂർത്തിയാക്കുക ആയിരുന്നു.