ലോക ഫുട്‌ബോളിൽ നിരന്തരം പുതിയ സൂപ്പർ താരങ്ങളെ നിർമിച്ചു വിസ്മയം തീർക്കുന്ന ആർ.ബി സാൽസ്ബർഗിന്റെ അപരാജിത കുതിപ്പ് ചാമ്പ്യൻസ് ലീഗിലും തുടരുന്നു. ഈ സീസണിൽ ഇത് വരെ പരാജയം എന്നത് ഓസ്ട്രിയൻ ക്ലബ് അറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ജർമ്മൻ ക്ലബ് വോൾവ്സ്ബർഗിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് സാൽസ്ബർഗ് പരാജയപ്പെടുത്തിയത്. മത്സരത്തിലെ നാലു ഗോളുകളും നൈജീരിയൻ താരങ്ങളോ, നൈജീരിയൻ വംശജരോ ആണ് നേടിയത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ കരിം അദയെമിയിലൂടെ സാൽസ്ബർഗ് മുന്നിലെത്തി. പ്രത്യാക്രമണത്തിൽ നിക്കോളാസ് നൽകിയ പാസിൽ നിന്നായിരുന്നു അദയെമിയുടെ ഗോൾ.
എന്നാൽ 15 മിനിറ്റിൽ മാക്സിമില്യൻ അർണോൾഡിന്റെ കോർണറിന് തല വച്ച ലൂക്കാസ് മെച്ച ജർമ്മൻ ടീമിന് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് ഗോൾ നേടാനായി ഓസ്ട്രിയൻ ക്ലബ് നിരന്തരം ശ്രമിക്കുന്നത് ആണ് കാണാൻ ആയത്. 65 മിനിറ്റിൽ ഒരു കോർണറിൽ നിന്നു ലഭിച്ച പന്ത് വലയിലാക്കി തന്റെ ആദ്യ ഗോൾ നേടിയ നോഹ ഒകഫോർ സാൽസ്ബർഗിന് മത്സരത്തിൽ ഒരിക്കൽ കൂടി മുൻതൂക്കം നൽകി. 77 മിനിറ്റിൽ വീണ്ടും ഒരു കോർണറിൽ ബെർണാഡോ നൽകിയ പന്തിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ നോഹ ഒകഫോർ ഓസ്ട്രിയൻ ടീമിന്റെ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ ഗ്രൂപ്പ് ജിയിൽ സാൽസ്ബർഗ് ഒന്നാം സ്ഥാനത്ത് തുടരും.