ലയണൽ മെസ്സിയുടെ അഭാവത്തിൽ ചാമ്പ്യൻസ് ലീഗിൽ ആർ.ബി ലൈപ്സിഗിനോട് സമനില വഴങ്ങി പാരീസ് സെന്റ് ജർമൻ. മികച്ച പോരാട്ടം കണ്ട മത്സരത്തിൽ പി.എസ്.ജിയെ എല്ലാ നിലക്കും ലൈപ്സിഗ് ബുദ്ധിമുട്ടിച്ചു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച പി.എസ്.ജിയെ പിന്നീട് ഗോൾ തിരിച്ചടിച്ചു ആണ് ലൈപ്സിഗ് സമനിലയിൽ പിടിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പി.എസ്.ജി പ്രതിരോധത്തിലെ പിഴവ് മുതലെടുത്തു ആന്ദ്ര സിൽവ നൽകിയ ക്രോസിൽ നിന്നു മികച്ച ഒരു ഹെഡറിലൂടെ പി.എസ്.ജി യുവ താരം ആയ ക്രിസ്റ്റഫർ എൻകുങ്കുവാണ് ലൈപ്സിഗിന് മത്സരത്തിൽ മുൻതൂക്കം നൽകിയത്. തുടർന്ന് അടുത്ത മിനിറ്റിൽ തന്നെ ആന്ദ്ര സിൽവയെ ഡാനിലോ വീഴ്‌ത്തിയതിനു ജർമ്മൻ ടീമിന് പെനാൽട്ടി കൂടി ലഭിച്ചതോടെ പി.എസ്.ജി കൂടുതൽ അപകടം മണത്തു. എന്നാൽ ആന്ദ്ര സിൽവയുടെ പെനാൽട്ടി രക്ഷിച്ച ഡോണരുമ പി.എസ്.ജിയുടെ രക്ഷകൻ ആയി.
മത്സരത്തിൽ ഉടനീളം ആദ്യ പകുതിയിൽ പ്രത്യേകിച്ച് പന്ത് കൈവശം വക്കുന്നതിലും കൂടുതൽ അവസരം തുറന്നതിലും ലൈപ്സിഗ് ആയിരുന്നു മുന്നിൽ. മത്സരത്തിലെ 21 മത്തെ മിനിറ്റിൽ മികച്ച ഒരു പി.എസ്.ജി നീക്കത്തിന് ഒടുവിൽ എമ്പപ്പയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ജിനോ വൈനാൾഡം ഫ്രഞ്ച് ടീമിന് മത്സരത്തിൽ സമനില സമ്മാനിച്ചു. തുടർന്ന് 39 മത്തെ മിനിറ്റിൽ ഡി മരിയയുടെ കോർണറിൽ നിന്നു മാർക്വീനോസ് ഹെഡറിലൂടെ നൽകിയ പന്ത് ഹെഡറിലൂടെ വലയിൽ എത്തിച്ച വൈനാൾഡം പി.എസ്.ജിയെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ അടക്കം സമനിലക്ക് ആയി പൊരുതുന്ന ജർമ്മൻ ടീമിനെ ആണ് മത്സരത്തിൽ കണ്ടത്. ഒടുവിൽ 91 മത്തെ മിനിറ്റിൽ എൻകുങ്കുവിനെതിരായ കിമ്പമ്പയുടെ അപകടകരമായ ഫൗളിന് വാർ പെനാൽട്ടി വിധിച്ചപ്പോൾ സമനില നേടാനുള്ള അവസരം ജർമ്മൻ ടീമിന് ലഭിച്ചു. ഇത്തവണ പെനാൽട്ടി എടുത്ത ഹംഗേറിയൻ താരം ഡൊമിനിക് സൊബോസലയ് അനായാസം ഡോണരുമയെ മറികടന്നപ്പോൾ ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ തങ്ങളുടെ ആദ്യ പോയിന്റ് ലൈപ്സിഗ് സ്വന്തമാക്കി. നിലവിൽ ഗ്രൂപ്പ് എയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ രണ്ടാമത് ആണ് പി.എസ്.ജി.