ക്ലബ് ചരിത്രത്തിലെ സുവർണ തലമുറയിലെ അവിഭാജ്യ ഘടകമായും നിലവിൽ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ഒപ്പം നിന്നും ബാഴ്‌സലോണയെ സേവിക്കുന്ന ജെറാദ് പികെയെ തേടി ഒരു റെക്കോർഡ് കൂടി. ബാഴ്‌സലോണക്ക് ആയി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് ആണ് 34 കാരനായ സ്പാനിഷ് പ്രതിരോധ താരം സ്വന്തമാക്കിയത്. ഇന്ന് ഡൈനമോ കീവിനെതിരായ വിജയ ഗോൾ നേടിയതോടെയാണ് പികെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.
34 വയസ്സും 260 ദിവസവും പ്രായമുള്ള പികെ 2008 ലെ സിൽവിന്യോയുടെ റെക്കോർഡ് ആണ് മറികടന്നത്. അതോടൊപ്പം ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന പ്രതിരോധ താരം എന്ന മുൻ റയൽ മാഡ്രിഡ് താരം റോബർട്ടോ കാർലോസിന്റെ റെക്കോർഡിന് ഒപ്പം എത്താനും പികെക്ക് ആയി. നിലവിൽ 16 ഗോളുകൾ ആണ് പികെ ചാമ്പ്യൻസ് ലീഗിൽ നേടിയത്. 15 ഗോളുകൾ നേടിയ മുൻ റയൽ മാഡ്രിഡ് പ്രതിരോധ താരങ്ങൾ ആയ സെർജിയോ റാമോസ്, ഇവാൻ ഹെൽഗുയര എന്നിവരെ ഇതോടെ പികെ മറികടന്നു.