ചാമ്പ്യൻസ് ലീഗിൽ ക്ലബ് ബ്രുജെയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ആദ്യ പകുതിയിൽ മികച്ച പ്രതിരോധം തീർത്ത ബെൽജിയം ക്ലബിന് മേൽ രണ്ടാം പകുതിയിൽ സമഗ്ര ആധിപത്യം ആണ് മാഞ്ചസ്റ്റർ സിറ്റി കണ്ടത്തിയത്. മത്സരത്തിലെ 15 മത്തെ മിനിറ്റിൽ കാൻസലയുടെ പാസിൽ നിന്നു ഒരു ടാപ് ഇനിലൂടെ ഫിൽ ഫോഡൻ ആണ് സിറ്റിക്ക് ആദ്യ ഗോൾ സമ്മാനിക്കുന്നത്. എന്നാൽ രണ്ടു മിനിറ്റിനു അപ്പുറം ജോൺ സ്റ്റോൺസ് സെൽഫ് ഗോൾ വഴങ്ങിയതോടെ ക്ലബ് ബ്രുജെ മത്സരത്തിൽ ഒപ്പമെത്തി. ആദ്യ പകുതിയിൽ സിറ്റി പിന്നീട് കിണഞ്ഞു പരിശ്രമിച്ചിട്ടും ബ്രുജെ പ്രതിരോധം പിടിച്ചു നിന്നു. മത്സരത്തിൽ 71 ശതമാനം സമയം പന്ത് കൈവശം വച്ച സിറ്റി മൊത്തം 22 ഷോട്ടുകളും ഉതിർത്തു.
സിറ്റിയുടെ ഈ പരിശ്രമത്തിന്റെ ഫലം ആയിരുന്നു രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ റിയാദ് മാഹ്രസ് ഹെഡറിലൂടെ നേടിയ ഗോൾ. ഇത്തവണയും അസിസ്റ്റ് നൽകിയത് കാൻസല തന്നെയായിരുന്നു. തുടർന്ന് 72 മത്തെ മിനിറ്റിൽ മാഹ്രസിന് പകരക്കാരൻ ആയി ഇറങ്ങിയ റഹീം സ്റ്റെർലിങ് ഗോൾ നേടിയതോടെ സിറ്റി വിജയം ഉറപ്പിച്ചു. ഗുണ്ടഗോന്റെ പാസിൽ നിന്നായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ ഗോൾ. തുടർന്നു ഇഞ്ച്വറി സമയത്ത് ഗോൾ കണ്ടത്തിയ ഗബ്രിയേൽ ജീസസ് സിറ്റി ജയം പൂർത്തിയാക്കുക ആയിരുന്നു. തന്റെ മൂന്നാം അസിസ്റ്റും നൽകിയ കാൻസല തന്നെയാണ് ഈ ഗോളിനും അവസരം ഒരുക്കിയത്. നിലവിൽ ഗ്രൂപ്പ് എയിൽ ഒന്നാമതുള്ള സിറ്റി ഏതാണ്ട് പ്രീ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്.